ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കൊപ്പം ബോട്ടിൽ യാത്ര ചെയ്യുന്ന സ്‌ത്രീയുടെയും കുട്ടിയുടെയും ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം യാത്രചെയ്യുന്ന സ്‌ത്രീയും കുട്ടിയും ആരാണെന്ന് ചോദിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം ചർച്ചയായത്.
ചിത്രം എവിടെവച്ചാണ് എടുത്തതെന്നും എവിടെനിന്നുള്ള ചിത്രമാണെന്നും വ്യക്തമാക്കണമെന്ന് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ വിമർശിച്ച് ബിജെപി നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. ഗിരിരാജ് സിംഗ് പങ്കുവച്ച ചിത്രം രാഹുൽഗാന്ധിയുടെ ഏറ്റവും ഒടുവിലത്തെ വിദേശയാത്രയ്‌ക്കിടെ എടുത്തതാണെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.
ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട വാർത്തകളിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ചിത്രത്തിലുള്ള സ്‌ത്രീയും കുട്ടിയും രാഹുൽ ഗാന്ധിയുടെ സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്.
'ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ സുഹൃത്തിന്റെ ഭാര്യയും മകനുമാണ്. അവർ കുടുംബത്തോടൊപ്പം അവധിക്കാല യാത്രയിലായിരുന്നു. സുഹൃത്ത് ചിത്രത്തിലില്ല'- കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ വ്യക്തമാക്കി.
ഗിരിരാജ് സിംഗിനെതിരെ രൂക്ഷമായ വിമർശനങ്ങളും സുപ്രിയ നടത്തി. സ്‌ത്രീയും പുരുഷനും ഒന്നിച്ചുള്ള ചിത്രം കണ്ടാൽ മോശം ചിന്തകൾ മാത്രമാണ് ഗിരിരാജ് സിംഗിന്റെ മനസിലേക്ക് വരുന്നതെന്ന് സുപ്രിയ കുറ്റപ്പെടുത്തി. ഈ ചിത്രം ടെക്‌സസിലെ ലേക്ക് റേ റോബർട്‌സിൽനിന്ന് എടുത്തതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള അവി ദണ്ഡിയ പറഞ്ഞു. മുൻ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീനിവാസ് ബിവിയും ഗിരിരാജ് സിംഗിനെ വിമർശിച്ചു. പ്രായമായപ്പോൾ അമിതമായ കൗതുകം നല്ലതല്ല, നല്ലൊരു ഡോക്‌ടറെ സമീപിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Rahul Gandhi’s photo with a woman and child in a boat sparked a political row after Union Minister Giriraj Singh questioned the picture. Congress clarified that they were the wife and son of Rahul’s friend and said the photo was taken at Lake Ray Roberts in Texas.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |