SignIn
Kerala Kaumudi Online
Tuesday, 07 July 2026 1.39 PM IST

അയോദ്ധ്യയിൽ ഇതുവരെ ലഭിച്ച സംഭാവന 3,​264 കോടി: വരവ്-ചെലവ് കണക്കുകൾ വിശദീകരിച്ച് ക്ഷേത്രട്രസ്റ്റ്

ayodhya-temple-fund-scam
അയോദ്ധ്യ ശ്രീരാമക്ഷേത്രം,​ ഉത്തർപ്രദേശ്

ലക്‌നൗ: സംഭാവനതട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ ആദ്യമായി പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റ് രൂപീകരിച്ചത് മുതലുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ആകെ 3,​264 കോടി രൂപ സംഭാവന ഇനത്തിൽ ലഭിച്ചതായാണ് വെളിപ്പെടുത്തൽ. ഇതിൽ 2,​370 കോടി രൂപ രാമക്ഷേത്ര നിർമ്മാണത്തിനും മൂലധന ചെലവുകൾക്കുമായി വിനിയോഗിച്ചതായും ട്രസ്റ്റ് അറിയിച്ചു. പുറത്തുവിട്ട കണക്കുകളിൽ 2,​916 വസ്തു സംഭാവനകളുടെ രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭക്തരുടെ നേർച്ചയായി ലഭിച്ച 582 കോടി രൂപയിൽ നിന്നും 391 കോടി രൂപ ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പ്, ജീവനക്കാരുടെ ശമ്പളം, സുരക്ഷ, പരിപാലനം തുടങ്ങിയ പ്രവർത്തന ചെലവുകൾക്കായി ഉപയോഗിച്ചു. ബാക്കിയുള്ള തുക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്. അയോദ്ധ്യ ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനകളുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം വിവാദമായ സാഹചര്യത്തിലാണ് കണക്കുവിവരങ്ങൾ ട്രസ്റ്റ് പുറത്തുവിട്ടത്. ഭക്തരിൽ നിന്ന് കിട്ടിയ എല്ലാതരത്തിലുള്ള സംഭാവനകൾക്കും കൃത്യമായ കണക്കുണ്ടെന്നും ആർക്കും പരിശോധിക്കാവുന്ന വിധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ട്രസ്റ്റ് അവകാശപ്പെട്ടു.

സംഭാവനയായി നൽകിയ വെള്ളിക്കട്ടികൾ കാണാനില്ലെന്ന ആരോപണത്തിലും ട്രസ്റ്റ് വിശദീകരണം നൽകി. ക്ഷേത്ര നിർമാണ വേളയിൽ അലങ്കാരത്തിനായി സംഭാവന ഇനത്തിൽ ലഭിച്ച വെള്ളിയുടെ ഭൂരിഭാഗവും ഉരുക്കി ആവശ്യാനുസരണം മാറ്റം വരുത്തിയിരുന്നു. വെള്ളിക്കട്ടികളൊന്നും മോഷണം പോയിട്ടില്ലെന്നും ട്രസ്റ്റ് അവകാശപ്പെട്ടു. വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്ക് വിവരങ്ങൾ പുറത്തുവിട്ടതെന്നും ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഉന്നയിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ആവർത്തിച്ചു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAM MANDIR TRUST, AYODHYA RAM MANDIR, RAM MANDIR DONATION, RAM MANDIR TRUST ACCOUNTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360