
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും എംഎൽഎയുമായ മദൻ മിത്രയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധം. ശനിയാഴ്ച കമർഹതി മണ്ഡലത്തിലെ അരിയാദഹയിൽവച്ചായിരുന്നു സംഭവം. സ്ഥലം സന്ദർശിക്കാൻ എത്തിയ മദൻ മിത്രയുടെ വാഹനവ്യൂഹത്തിന് നേരെ ആൾക്കൂട്ടം പ്രതിഷേധവുമായി വരികയും മുട്ട എറിയുകയുമായിരുന്നു.
ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം തിരികെ തരൂ എന്നു പറഞ്ഞായിരുന്നു പ്രതിഷേധം. എന്നാൽ സംഭവം നടക്കുന്ന സമയം താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് മഥൻ മിത്ര പ്രതികരിച്ചു. ബിജെപി പിന്തുണയുള്ള അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച അദ്ദേഹം ആക്രമണം ആസൂത്രിതമാണെന്നും കുറ്റപ്പെടുത്തി.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ജനരോഷം തുടർക്കഥയാവുകയാണ്. വർഷങ്ങളായി തൃണമൂൽ നേതാക്കൾ തങ്ങളിൽ നിന്ന് അനധികൃതമായി പിരിച്ചെടുത്ത കൈക്കൂലിപ്പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ, ഇ-ഓട്ടോ തൊഴിലാളികളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ആഴ്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയും ഇത്തരത്തിൽ മുട്ടയേറ് ഉണ്ടായിരുന്നു. സോനാർപൂരിൽ അന്തരിച്ച പാർട്ടി പ്രവർത്തകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും സമാന സംഭവങ്ങൾ നടന്നിരുന്നു. അഴിമതി ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ടിഎംസി നേതാക്കളെയും കൗൺസിലർമാരെയും അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ജനങ്ങൾ പൊലീസ് സ്റ്റേഷനുകൾക്കും കോടതി സമുച്ചയങ്ങൾക്കും പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |