
അഹമ്മദാബാദ്: 260 പേരുടെയും അവരുടെ കുടുംബത്തിന്റേയും പറന്നുയരേണ്ട പ്രതീക്ഷകൾ ഒരൊറ്റ നിമിഷത്തിൽ നിലംപൊത്തി കത്തിക്കരിഞ്ഞിട്ട് ഇന്ന് ഒരാണ്ട് പൂർത്തിയാകുകയാണ്. അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തം നടന്ന് ഒരു വർഷം പൂർത്തിയാകുമ്പോൾ കാലം ബാക്കിവച്ചത് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളാണ്. അപകടം നടന്ന അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടങ്ങൾ ദുരന്തത്തിന്റെ ഓർമകളും പേറി ഇന്നും നിശ്ചലമായി തുടരുന്നു.
2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ തീഗോളമായി മാറുകയായിരുന്നു. അന്നത്തെ അപകടം റിപ്പോർട്ട് ചെയ്ത ഇന്ത്യ ടുഡെയിലെ മാദ്ധ്യമപ്രവർത്തക അപകടത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ പങ്കുവച്ച ഓർമക്കുറിപ്പ് വൈറലാകുകയാണ്.
'ചിലപ്പോൾ അങ്ങനെയാണ് വ്യത്യസ്തമായ ചില കാര്യങ്ങൾ മനസ് ഓർമയിൽ സൂക്ഷിക്കും. അപകടത്തിന്റെ ഓർമകളിൽ ഇന്നും മനസിൽ തങ്ങിനിൽക്കുന്നത് അപകട സ്ഥലത്ത് കണ്ട ഒരു ടിഫിൻ ബോക്സും ഒരു കറുത്ത ചെരുപ്പിന്റെ പൊട്ടിയ കൊളുത്തുമാണ്'- മാദ്ധ്യമപ്രവർത്തകയുടെ കുറിപ്പിൽ പറയുന്നു.
'അപകടം നടന്ന സ്ഥലത്ത് വിമാന ഇന്ധനത്തിന്റെയും കത്തിയ മനുഷ്യമാംസത്തിന്റെയും രൂക്ഷഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ബിജെ മെഡിക്കൽ കോളേജിലെ അവശിഷ്ടങ്ങളുടെയും പാതിയിൽ മുറിഞ്ഞുപോയ ജീവിതാശിഷ്ടങ്ങളുടെയും ചിതറിക്കിടക്കുന്ന സ്വകാര്യ വസ്തുക്കളുടെയും ഇടയിൽ ഒരു ടിഫിൻ ബോക്സ് ഉണ്ടായിരുന്നു. ഒരു സ്ത്രീയുടെ ഹാൻഡ്‌ബാഗിന്റെ അരികിലായിരുന്നു അത് കിടന്നിരുന്നത്. ആ ടിഫിൻ ബോക്സിൽ റബ്ബറിന്റ ഒരു നീല സീൽ ഉണ്ടായിരുന്നു. അപകടസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചത് ഓർക്കുന്നു. ക്യാമറയ്ക്ക് മുന്നിൽ അതിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. അതിന് ശേഷവും ഒരുപാട് തവണ ഞാൻ അതിനക്കുറിച്ച് ചിന്തിച്ചിരുന്നു. ആരായിരിക്കും അത് പായ്ക്ക് ചെയ്തത്? ആർക്കുവേണ്ടിയായിരിക്കും? വീട്ടിൽ ഒരു പങ്കാളി കാത്തിരുന്നിട്ടുണ്ടാകില്ലേ? അല്ലെങ്കിൽ ഒരു കുട്ടിയോ രക്ഷിതാവോ കാത്തിരുന്നിട്ടുണ്ടാകില്ലേ? എപ്പോഴത്തെയും പോലെ ഒരു വിമാനയാത്ര ആയിരിക്കുമെന്ന് വിശ്വസിച്ചായിരിക്കും അവർ ഭക്ഷണം പായ്ക്ക് ചെയ്തത്, പക്ഷേ അതുണ്ടായില്ല.' - അവർ കുറിക്കുന്നു.
'ബിജെ മെഡിക്കൽ കോളേജിൽ നിന്ന് ഓർമകൾ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്കും മോർച്ചറിയിലേക്കും നീങ്ങി. ലഭിച്ച അവശിഷ്ടങ്ങളും വിവരങ്ങളും അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു അവിടെ. ഒരു അമ്മ, ഒരു മുത്തശി, ഒരു ഭാര്യ, ഒരു സഹോദരൻ, ഒരു മകൾ ഇവരെല്ലാം തന്റെ ഉറ്റവരെ അന്വേഷിച്ചെത്തിയതായിരുന്നു അവിടെ. '- കുറിപ്പിൽ പറയുന്നു.
'അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഞാൻ അവളെ കണ്ടത്. അവൾ തന്റെ അച്ഛനെ അന്വേഷിച്ച് വന്നതായിരുന്നു. അവളുടെ പേര് ചോദിക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു. ഒരുപക്ഷേ ഞാൻ ചോദിക്കേണ്ടതായിരുന്നു. അവളുടെ അരികിലിരുന്ന് ഞാൻ അച്ഛനെ നഷ്ടപ്പെട്ട ഒരു മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചത് ഇപ്പോഴും ഓർക്കുന്നു. നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു അവൾക്ക് പക്ഷേ ഇതുവരെയും ഉത്തരമൊന്നും ലഭിച്ചില്ല. കാലക്രമേണ, അവൾ ദുരന്തത്തിന്റെ ബാക്കിപത്രങ്ങളിൽ ഒന്നായി മാറിയിട്ടുണ്ടാകും. പൊട്ടിയ ഒരു ജോഡി ചെരുപ്പാണ് അവൾ ധരിച്ചിരുന്നത്. അറിഞ്ഞുകൊണ്ടായിരിക്കില്ല അവൾ അത് ധരിച്ചത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് നിന്ന് വീണ വിമാനത്തിൽ അവളുടെ അച്ഛൻ ഉണ്ടായിരുന്നുവെന്ന് അവൾ അറിഞ്ഞപ്പോൾ കിട്ടിയത് ധരിച്ച് അവൾ ഓടിയിട്ടുണ്ടാകണം. അവളുടെ ഉച്ചത്തിലുള്ള കരച്ചിൽ എനിക്ക് ഇന്നും ഓർമയുണ്ട്. അവളുടെ മുഖം ഓർക്കുമ്പോൾ അവൾ ധരിച്ചിരുന്ന ചെരുപ്പാണ് എന്റെ മനസിൽ ആദ്യമെത്തുന്നത്.'- മാദ്ധ്യപ്രവർത്തക കുറിപ്പിൽ പറയുന്നു.
കൊവിഡിന് ശേഷം അഹമ്മദാബാദ് വിമാനാപകടം തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. ജേണലിസത്തിൽ സഹാനുഭൂതി സങ്കീർണമായ ഒരു കാര്യമാണ്. ദുഃഖിതരായ ഒരു കുടുംബത്തെ നിങ്ങൾ എത്ര സഹാനുഭൂതിയോടെ സമീപിച്ചാലും വിവരങ്ങൾ ചോദിച്ചറിയേണ്ടി വരും. ഏതൊരു പത്രപ്രവർത്തകനും ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി മറ്റുള്ളവരുടെ ദുഃഖം അടുത്തുനിന്ന് റിപ്പോർട്ട് ചെയ്യേണ്ടിവരികയെന്നതാണെന്നും മാദ്ധ്യമപ്രവർത്തക കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |