SignIn
Kerala Kaumudi Online
Friday, 05 June 2026 2.48 PM IST

ഒരു മാസത്തേക്ക് സ്മാർട്ട്ഫോൺ ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും? ജീവിതം മാറിമറിയുമെന്ന് യുവാവ്

nathan-covey

ഒരു ദിവസം ഫോൺ കൈയിൽ കിട്ടിയില്ലെങ്കിൽ പരിഭ്രാന്തരാകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അങ്ങനെയുള്ള ഈ കാലത്ത് ഒരാൾ തന്റെ സ്മാർട്ട്‌ഫോൺ പൂർണമായും ഉപേക്ഷിച്ച്, പഴയ മോഡൽ 'ഫ്ളിപ്പ് ഫോൺ' ഒരു മാസം ഉപയോഗിച്ചാൽ എങ്ങനെയുണ്ടാകും? അത്തരമൊരു പരീക്ഷണം നടത്തി തന്റെ ജീവിതം തന്നെ മാറിമറിഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നഥാൻ കോവി എന്ന യുവാവ്. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ അനുഭവം നഥാൻ വെളിപ്പെടുത്തിയത്. സ്മാർട്ട്‌ഫോൺ മാറ്റിവച്ച് ഒരു മാസം പൂർത്തിയാക്കിയ ശേഷമായിരുന്നു നഥാൻ തന്റെ അനുഭവം കുറിച്ചത്. സ്മാർട്ട്‌ഫോൺ ഇല്ലാത്ത ലോകം നമ്മൾ വിചാരിക്കുന്നതിലും മനോഹരമാണെന്ന് നഥാൻ പറയുന്നു.

'നമ്മൾ കരുതുന്നതിനും ഭീകരമായാണ് ആളുകൾ സ്മാർട്ട്‌ഫോണിന് അടിമയായിരിക്കുന്നത്. നിങ്ങളൊരു സാധാരണ ബേസ് മോഡൽ ഫോണിലേക്ക് മാറിയാൽ, ഒരു മുറിയിലിരിക്കുന്നവരിൽ ഫോൺ ഉപയോഗിക്കാത്ത ഒരേയൊരു വ്യക്തി നിങ്ങളാണെന്ന് അപ്പോൾ മനസിലാകും. ആദ്യമൊക്കെ സ്മാർട്ട്‌ഫോൺ ഇല്ലാതെ ജീവിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ആശങ്കപ്പെട്ട പല കാര്യങ്ങളും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചു. സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ നമ്മുടെ തലച്ചോറ് തന്നെയാണ് പല ഒഴിവുകഴിവുകളും നേരത്തെ കണ്ടെത്തിയിരുന്നത്. മാറാൻ ആഗ്രഹമുണ്ടെങ്കിൽ ആർക്കും മാറാൻ കഴിയും.

തുടക്കത്തിൽ പൊതുസ്ഥലങ്ങളിൽ പഴയ ഫ്ളിപ്പ് ഫോൺ പുറത്തെടുക്കാൻ ലേശം മടിയും അപകർഷതാബോധവും തോന്നിയിരുന്നു. ആളുകൾ ശ്രദ്ധിക്കുമോ എന്നായിരുന്നു ഭയം. എന്നാൽ പതുക്കെ ആ ശീലം മാറി. ഫോണിൽ മാപ്പ് സൗകര്യമുണ്ടായിട്ടും, വഴികളും മറ്റും സ്വന്തമായി ഓർത്തുവയ്ക്കാൻ മനസ് ശീലിച്ചു. വെറുതെയിരിക്കുന്ന സമയങ്ങളിൽ ഫോൺ നോക്കുന്നതിന് പകരം സ്വന്തം ചിന്തകളിൽ മുഴുകാനും ബോറടി ആസ്വദിക്കാനും തുടങ്ങി. പേനയും പേപ്പറും ഉപയോഗിക്കുന്നത് കൂട്ടി. ഡിജിറ്റൽ ലോകത്തെക്കാൾ യഥാർത്ഥ ലോകത്തെ വസ്തുക്കളോട് താല്പര്യം കൂടി. മെസേജുകൾ അയക്കുന്നതിന് പകരം ആളുകളെ നേരിട്ട് വിളിക്കാൻ തുടങ്ങി. പല കാര്യങ്ങൾക്കും മെസേജിനേക്കാൾ ഉചിതം ഫോൺ ചെയ്ത് സംസാരിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞു'.- നഥാൻ കൂട്ടിച്ചേർത്തു.

ഇനി ഒരിക്കലും സ്മാർട്ട്‌ഫോണിലേക്ക് മടങ്ങില്ലെന്നാണ് നഥാന്റെ തീരുമാനം. പോസ്റ്റ് വൈറലായതോടെ ആപ്പുകൾ നിർബന്ധമായ ഇന്നത്തെ കാലത്ത് ബാങ്ക് ഇടപാടുകളും, ക്യു.ആർ കോഡ് സ്‌കാനിംഗും, ജി-മെയിൽ, ഗൂഗിൾ കലണ്ടർ പോലുള്ള സംവിധാനങ്ങളും എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് നഥാനോട് പലരും ചോദിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIRAL, LATESTNEWS, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360