ന്യൂഡൽഹി: വിമാനത്താവളത്തിലെത്തിയാൽ സുരക്ഷാ പരിശോധനയില്ലാതെ കടന്നുപോകാൻ കഴിയുന്ന ഏക ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യം സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാകുകയാണ്. രാജ്യത്തെ ഉന്നത പദവികൾ അലങ്കരിക്കുന്ന നേതാക്കൾക്കൊപ്പം ഈ ക്രിക്കറ്റ് താരത്തിനും വിമാനത്താവളത്തിലെത്തിയാൽ സുരക്ഷാ പരിശോധനയുടെ ആവശ്യമില്ല. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറാണ് ഈ പ്രത്യേക ഇളവിന് അർഹനായ ക്രിക്കറ്റ് താരം.
വിമാനത്താവളത്തിലെത്തുന്ന സഹതാരങ്ങൾ പരിശോധനയ്ക്ക് വിധേയരാകുമ്പോൾ സച്ചിൻ യാതൊരു തടസങ്ങളുമില്ലാതെ കടന്നുപോകുന്ന ദൃശ്യങ്ങൾ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനുപിന്നിലെ കാരണം സച്ചിന് ലഭിച്ച ഭാരതരത്ന പുരസ്കാരമാണ്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ച വ്യക്തികളെ വിമാനത്താവളത്തിലെ പ്രീ-എംബാർക്കേഷൻ സുരക്ഷാ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സച്ചിനും ഈ ഇളവ് ലഭിക്കുന്നത്.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ചട്ടപ്രകാരം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള വ്യക്തികൾക്ക് വിമാനത്താവളത്തിലെ പ്രീ-എംബാർക്കേഷൻ സുരക്ഷാ പരിശോധനയിൽ നിന്ന് ഇളവുണ്ട്. ലഫ്റ്റനന്റ് പദവിയുളള മഹേന്ദ്ര സിംഗ് ധോണി ഉൾപ്പെടെയുള്ള മറ്റു പ്രമുഖ ക്രിക്കറ്റ് താരങ്ങൾ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈ വർഷം ഏപ്രിലിൽ സച്ചിൻ സുരക്ഷാ പരിശോധന ഒഴിവാക്കി വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ സച്ചിന് ലഭിക്കുന്ന ഈ പ്രത്യേക അവകാശത്തെക്കുറിച്ച് വീണ്ടും ചർച്ച ശക്തമായത്.
Sachin Tendulkar is reportedly exempt from pre-embarkation security checks at Indian airports because he is a Bharat Ratna awardee. While other cricketers undergo security screening, Tendulkar can pass through without it. The exemption is part of Bureau of Civil Aviation Security rules covering Bharat Ratna recipients and several high-ranking officials. A recent viral video reignited social media discussions about the privilege.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |