ലണ്ടൻ: ഉയർന്ന ശമ്പളമുള്ള അഭിഭാഷക ജോലി ഉപേക്ഷിച്ച് ഡോഗ് വാക്കറായി (നായയെ നടത്താൻ കൊണ്ടുപോകുന്ന വ്യക്തി) മാറിയ 30 കാരി പ്രതിദിനം സമ്പാദിക്കുന്നത് 50,000 രൂപ. ബ്രിട്ടണിലെ ലിസ് ഈസ്റ്റെന്ന യുവതിയാണ് അഭിഭാഷക ജോലി ഉപേക്ഷിച്ച് നായ്‌ക്കളെ പരിപാലിക്കുന്ന ജോലി തിരഞ്ഞെടുത്തത്.
ക്രിമിനൽ ഡിഫൻസ് മേഖലയിൽ നാല് വർഷത്തോളം ഈസ്റ്റ് സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കോടതികളിലും ജയിലുകളിലുമായി തുടരെയുള്ള യാത്രകളും ക്ലയിന്റുകളുമായുള്ള ആശയവിനിമയങ്ങളും താങ്ങാനാവാത്ത ജോലി സമ്മർദമാണ് ഈസ്റ്റിന് നൽകിയത്. ഇതുകാരണം താൻ മാനസികമായി തളർന്നിരുന്നെന്നും യുവതി പറഞ്ഞു.
'എല്ലാ ദിവസവും ഞാൻ ചിന്തിക്കുമായിരുന്നു. ഇതാണോ ഇനി എന്റെ ജീവിതമെന്ന്. എന്റെ പ്രായത്തിനെക്കാളധികം എനിക്ക് വയസായപോലെ തോന്നിയിരുന്നു. ലണ്ടനിലെ ജോലിക്കിടയിൽ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും മറ്റ് സമൂഹ്യ പരിപാടികളിൽ പങ്കെടുക്കേണ്ടിവരുന്നത് കുടുംബജീവിതത്തിന് അനുയോജ്യമല്ലെന്ന് ഞാൻ പതിയെ മനസിലാക്കി' -ഈസ്റ്റ് പറഞ്ഞു.
ഈസ്റ്റിന്റെ ഭർത്താവ് നായ്‌ക്കൾക്ക് താമസസ്ഥലം ഒരുക്കി നൽകുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്. ഭർത്താവ് ആ ജോലി ആസ്വദിക്കുന്നത് കണ്ടതോടെയാണ് കരിയറിനെക്കുറിച്ച് ഈസ്റ്റ് കൂടുതൽ ആലോചിച്ചത്. അഭിഭാഷകവൃത്തി ഉപേക്ഷിച്ച ശേഷം താൽക്കാലിക ചെലവുകൾ കണ്ടെത്തുന്നതിനായി ഒരു പ്രാദേശിക പബ്ബിൽ ജോലി ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ ഡോഗ് വാക്കിംഗ് നടത്തുന്നതിനാവശ്യമായ ക്ലയിന്റുകളെയും കണ്ടെത്തി. നായകളുടെ ഉടമകൾ അവയെ നടക്കാൻ കൊണ്ടുപോകാനായി ഈസ്റ്റിനെ ഏൽപിക്കും. അതിനായി ഒരു നിശ്ചിത തുകയും അവർക്ക് നൽകും.
ഇപ്പോൾ ദിവസവും നാല് ഗ്രൂപ്പായി നായ്‌ക്കളെ നടക്കാൻ കൊണ്ടുപോകുന്ന ഈസ്റ്റ് മുപ്പതോളം നായകളെ പരിപാലിക്കുന്നുണ്ട്. ഒരു നായയ്‌ക്ക് മണിക്കൂറിന് ഏകദേശം 1795 രൂപയാണ് (പതിന്നാല് പൗണ്ട്) ഈടാക്കുന്നത്. ഇത്തരത്തിൽ ദിവസവും 38,000 മുതൽ 50,000 രൂപവരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഈസ്റ്റ് പറയുന്നു. നിയമരംഗത്തെ ജോലിയെക്കാൾ വരുമാനവും സമാധാനവും ഈ ജോലിയിൽനിന്ന് ലഭിക്കുന്നുണ്ടെന്നും ജോലി സമയം പകുതിയായി കുറഞ്ഞെന്നും അവർ തുറന്നുപറഞ്ഞു.
പണം മാത്രം ലക്ഷ്യമിട്ട് ഈ രംഗത്തേക്ക് വരരുതെന്നും നായകളെ സ്‌നേഹിക്കുന്നവർക്കും പുറത്തുപോയി ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കുമാണ് ഈ ജോലി അനുയോജ്യമെന്നും ഈസ്റ്റ് വ്യക്തമാക്കി. നിലവിലെ ജോലി ഉപേക്ഷിച്ച് നിയമരംഗത്തേക്ക് തിരിച്ചുപോകാൻ തനിക്ക് താൽപര്യമില്ലെന്നും യുവതി കൂട്ടിച്ചേർത്തു.
A 30-year-old London criminal defense lawyer, Liz East, quit her high-paying but stressful legal job to become a dog walker. She now walks around 30 dogs daily in groups, earning ₹38,000 to ₹50,000 per day—more than her former legal income while working half the hours.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |