SignIn
Kerala Kaumudi Online
Thursday, 11 June 2026 1.13 PM IST

വർക്ക് ഫ്രം ഹോം നൽകി കമ്പനി; പക്ഷേ 'സ്വന്തം' വീട്ടിലേക്ക് പോകാൻ കഴിയില്ല, കുഴഞ്ഞ് ജീവനക്കാർ

work

ന്യൂഡൽഹി: ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പല സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം നൽകാറുണ്ട്. സത്യത്തിൽ വർക്ക് ഫ്രം ഹോം പലർക്കും വലിയ ആശ്വാസമാണ്. ഓഫീസിലേക്ക്‌ കൊണ്ടുപോകാനായി എന്നും രാവിലെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കേണ്ട, യാത്രാ ചെലവുകളില്ല, പുതിയ വസ്‌ത്രങ്ങൾ മാറണ്ട കൂടാതെ ജോലികഴിഞ്ഞാൽ വളരെ വേഗം വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാം അങ്ങനെ പലതുണ്ട് ഗുണങ്ങൾ. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്നവരെ സംബന്ധിച്ച് വർക്ക് ഫ്രം ഹോം ലഭിച്ചുകഴിഞ്ഞാൽ സ്വന്തം നാട്ടിൽ പോകാൻ ഒരവസരവും ലഭിക്കുന്നു.

എന്നാൽ, ഇതിൽ നിന്നും വ്യത്യസ്‌തമായി ചില പ്രത്യേക നിബന്ധനയോടെ വർക്ക് ഫ്രം ഹോം നൽകിയ ഡൽഹിയിലെ ഒരു കമ്പനിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്. അവിടുത്തെ ജീവനക്കാരി തന്നെയാണ് കമ്പനിയുടെ പുതിയനയം വ്യക്തമാക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

'കമ്പനിയിൽ ചില പിരിച്ചുവിടലുകൾ നടന്നു. ജീവനക്കാരുടെ എണ്ണം നാൽപതിൽ നിന്ന് 15 ആയി കുറച്ചു. കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയിലെ പാട്ടക്കരാർ ഉപേക്ഷിച്ച് അഞ്ചാം നിലയിലേക്ക് മാറേണ്ടി വന്നു. അവിടെ എല്ലാ ജീവനക്കാർക്കും ഇരിക്കാനുള്ള സ്ഥലമില്ലാത്തതിനാൽ, നാല് പേർക്ക് മാത്രം ഓഫീസ് ഡ്യൂട്ടി നൽകുകയും മറ്റുള്ളവർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നൽകുകയും ചെയ്‌തു'- ജീവനക്കാരി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആദ്യം വർക്ക് ഫ്രം ഹോം നൽകിയതിൽ സന്തോഷിച്ചെങ്കിലും കമ്പനി മുന്നോട്ട് വച്ച നിബന്ധനകൾ കേട്ടപ്പോൾ നിരാശയാണ് തോന്നിയതെന്ന് യുവതി പറയുന്നു.

ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയ കമ്പനി അവരെ ജന്മനാടുകളിലേക്ക് പോകുന്നതിൽ നിന്ന് വിലക്കിയതായാണ് പോസ്റ്റിൽ പറയുന്നത്. ജീവനക്കാർ ‌ജന്മനാടുകളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാനായി ജിപിഎസിലൂടെ ലോക്കേഷൻ ട്രാക്ക് ചെയ്‌താണ് ഇവർക്ക് അറ്റൻഡൻസ് നൽകിയിരുന്നതെന്നും പോസ്റ്റിൽ പറയുന്നു. ഒരുപക്ഷേ, അടിയന്തരമായി ഒരു ജീവനക്കാരനെ ഓഫീസിലേക്ക് വിളിപ്പിക്കേണ്ട സാഹചര്യമുണ്ടായാലോ എന്ന് ആലോചിച്ചാകും കമ്പനി ഇത്തരത്തിലൊരു നയം സ്വീകരിച്ചതെന്നും ജീവനക്കാരി കൂട്ടിച്ചേർത്തു.

കമ്പനിയുടെ ഈ നയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനങ്ങൾ നടക്കുന്നുണ്ട്. ഈ രീതിയെ പലരും അടിമത്തം എന്ന് വിശേഷിപ്പിച്ചപ്പോൾ മറ്റുചിലരാകട്ടെ പല കമ്പനികളും ഈ നയം പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WORK, JOB, RULE, EMPLOYEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360