തിരുവനന്തപുരം: കെസിഎൽ രണ്ടാം സെമിയിൽ ആലപ്പി റിപ്പിൾസിനെതിരെ 219 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കാലിക്കറ്റ് 218 റൺസെടുത്തത്. കാലിക്കറ്റിന് വേണ്ടി വരുൺ നായനാരും അബ്ദുൾ ബാസിതും അർദ്ധ സെഞ്ച്വറികൾ നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ രോഹനൊപ്പം വരുൺ നായനാരും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ കാലിക്കറ്റിന്റെ സ്കോർ ബോർഡ് അതിവേഗം ചലിച്ചു. ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് ഫോറുകൾ പായിച്ച് വരുൺ തന്റെ നയം വ്യക്തമാക്കി. തൊട്ടടുത്ത ഓവറിൽ ടി.എസ്. വിനിലിനെ രണ്ട് തവണ രോഹനും അതിർത്തി കടത്തി. ഇരുവരും തകർത്തടിച്ചതോടെ അഞ്ചാം ഓവറിൽ തന്നെ സ്കോർ അമ്പതിലെത്തി. വിനിൽ എറിഞ്ഞ ആറാം ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, ഒൻപതാം ഓവറിലെ ആദ്യ പന്തിൽ രോഹൻ പുറത്തായത് കാലിക്കറ്റിന് തിരിച്ചടിയായി. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 45 റൺസെടുത്താണ് ക്യാപ്റ്റൻ മടങ്ങിയത്. തുടർന്നെത്തിയ അഖിൽ സ്കറിയ നാലും ജോസ് പെരയിൽ അഞ്ചും റൺസ് നേടി മടങ്ങി. അബ്ദുൾ ബാസിതും വരുൺ നായനാരും ചേർന്ന് നാലാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ വരുൺ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. എന്നാൽ 16 ഓവർ പൂർത്തിയായതോടെ സ്കോറിങ് വേഗമുയർത്താൻ വരുണിനെ പിൻവലിച്ച് കാലിക്കറ്റ് കൃഷ്ണദേവനെ രംഗത്തിറക്കി. ആ നീക്കം ഫലം കണ്ടു. 42 പന്തുകളിൽ 59 റൺസാണ് വരുൺ നേടിയത്.
രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയാണ് കൃഷ്ണദേവൻ സ്കോറിങ്ങിന് തുടക്കമിട്ടത്. നാല് സിക്സറടക്കം 26 റൺസാണ് ഇരുവരും ചേർന്ന് ആ ഓവറിൽ കൂട്ടിച്ചേർത്തത്. 17 പന്തുകളിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 24 പന്തുകളിൽ ആറ് സിക്സറടക്കം 53 റൺസെടുത്ത അബ്ദുൾ ബാസിത് റണ്ണൗട്ടായി. അവസാന ഓവറിൽ സൽമാൻ നിസാറിന്റെ കൂറ്റൻ ഷോട്ടുകൾ കൂടി ചേർന്നതോടെ കാലിക്കറ്റിന്റെ സ്കോർ 218ൽ അവസാനിച്ചു. സൽമാൻ നിസാർ ഏഴ് പന്തുകളിൽ 19ഉം കൃഷ്ണദേവൻ 11 പന്തുകളിൽ 24 റൺസും നേടി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി അജിത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |