SignIn
Kerala Kaumudi Online
Thursday, 13 August 2026 11.24 PM IST

ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനം: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതിക്കായി കാത്ത് ബിസിസിഐ

sanju-samson
ബംഗ്ലാദേശ് ടീമിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി കാത്ത് ബിസിസിഐ. ഇന്ത്യൻ ഹൈക്കമ്മീഷനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചാൽ മാത്രമേ പര്യടനം നടക്കൂ എന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

പരമ്പരയ്ക്കായി ഇതുവരെ പ്രത്യേക തീയതികൾ തീരുമാനിച്ചിട്ടില്ലെങ്കിലും, സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് അതിനുള്ള സമയം കണ്ടെത്തുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായുള്ള ബന്ധം നിലവിൽ സാധാരണ നിലയിലാണെന്നും ബോർഡ് വ്യക്തമാക്കി.


ഈ വർഷം തുടക്കത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ തുടർന്ന്, ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലുണ്ടായിരുന്ന ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ജനുവരിയിൽ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

2025 ഡിസംബറിലെ ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുർ‌ റ‌ഹ്‌മാനെ കെകെആർ സ്വന്തമാക്കിയിരുന്നത്. ഈ വർഷം ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ബംഗ്ലാദേശ് താരമായിരുന്നു അദ്ദേഹം. ബിസിസിഐയുടെ നിർദ്ദേശത്തെ തുടർന്ന് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇത് ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.

സുരക്ഷാ പ്രശ്നങ്ങളും സ്വന്തം സർക്കാരിന്റെ ഉപദേശവും ചൂണ്ടിക്കാട്ടി 2026 ട‌്വന്റി-20 ലോകകപ്പിനായി ബംഗ്ലാദേശ് ദേശീയ ടീം ഇന്ത്യയിലേക്ക് പോകില്ലെന്ന് ദിവസങ്ങൾക്കകം ബിസിബി തീരുമാനിച്ചു. കൂടാതെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടെങ്കിലും ഐസിസി അക്കാര്യം നിരസിക്കുകയായിരുന്നു.

തുടർന്ന് ഇരു ബോർഡുകളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി, സെപ്‌തംബറിലെ ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനം, ബംഗ്ലാദേശ് വനിതാ ടീമിന്റെ ഇന്ത്യയിലെ പര്യടനം എന്നിവയുമായി ബന്ധപ്പെട്ട് ബിസിബി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ഇമെയിൽ അയച്ചിരുന്നു. നിലവിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പരമ്പര സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ.

English Summary

The BCCI is awaiting official approval from the Indian government for the Indian men’s cricket team’s upcoming tour of Bangladesh. Discussions with the Indian High Commission are ongoing, and the tour will proceed only after government clearance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BCCI, BCB, SPORTS, INDIA VS BENGLADESH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360