SignIn
Kerala Kaumudi Online
Monday, 06 July 2026 9.37 PM IST

സഞ്ജു പുറത്ത്, വൈഭവ് അകത്ത്; സിംബാബ്‌വെ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

READ ENGLISH VERSION
sanju-samson
സഞ്ജു സാംസൺ.

മുംബയ്: സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. അതേസമയം, യുവതാരം വൈഭവ് സൂര്യവംശി ടീമിൽ സ്ഥാനം നിലനിർത്തി. തിലക് വർമ്മയാണ് ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്ടൻ. ജൂലായ് 23, 25, 26 തീയതികളിൽ ഹരാരെയിലാണ് മത്സരങ്ങൾ നടക്കുക.


നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ നിന്ന് വൻ മാറ്റങ്ങളോടെയാണ് സിംബാബ്‌വെ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. സഞ്ജുവിന് പുറമെ വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കും സിംബാബ്‌വെ പരമ്പരയിൽ ഇടം ലഭിച്ചില്ല. എന്നാൽ ഇടങ്കയ്യൻ ബാറ്റർ റിങ്കു സിംഗ്, പേസർമാരായ അശോക് ശർമ്മ, യാഷ് താക്കൂർ, ഇടങ്കയ്യൻ സ്പിന്നർ ഹർഷ് ദുബെ എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. ഐപിഎല്ലിലും ഇന്ത്യ എ ടീമിലും മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ പ്രഭ്സിമ്രാൻ സിംഗിന് ടീമിൽ ഇടം‌ ലഭിച്ചു. കൂടാതെ നിലവിലെ ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ പരിക്കേറ്റ നിതീഷ് കുമാർ റെഡിക്ക് പകരം ശിവം ദുബെയെ ഉൾപ്പെടുത്തിയിട്ടുണ്ട്.


ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. ലോകകപ്പിന് ശേഷം കളിച്ച മൂന്ന് ട്വന്റി-20 മത്സരങ്ങളിൽ 5, 0, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകൾ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20ൽ സഞ്ജുവിന് പകരം വൈഭവിന് അവസരം നൽകിയിരുന്നു. സാധാരണയായി സിംബാബ്‌വെ പര്യടനങ്ങളിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാറുള്ളതിനാൽ സഞ്ജുവിനെ താൽക്കാലികമായി മാറ്റിയതാകാനാണ് സാദ്ധ്യത. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല.

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ 11-3 എന്ന കണക്കിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. എന്നാൽ 2024ൽ ലോകകപ്പ് കിരീടം നേടിയതിന് തൊട്ടുപിന്നാലെ സിംബാബ്‌വെയോട് ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. ഏറ്റവും ഒടുവിൽ ലോകകപ്പ് സൂപ്പർ എട്ടിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 72 റൺസിന് സിംബാബ്‌വെയെ തകർത്തിരുന്നു.

ഇന്ത്യൻ ടീം
ശ്രേയസ് അയ്യർ (ക്യാപ്ടൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്ടൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, DROPPED, SPORTS, ZIMBABWE CRICKET, BCCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360