മുംബയ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് സർഫറാസ് ഖാൻ. പരിക്കേറ്റ് പുറത്തായ സായ് സുദർശന് പകരമായാണ് മുംബയ് താരമായ സർഫറാസ് ഖാനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്. ആഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി താരം കൊളംബോയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും.
കഴിഞ്ഞ മാസം ഇന്ത്യ എ ടീമിന്റെ ടൂറിനിടയിലാണ് ഇടംകൈയൻ ബാറ്ററായ സായ് സുദർശന് കാൽവിരലിന് പരിക്കേറ്റത്. ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ താരത്തിന്റെ പരിക്ക് ഭേദമായി വരികയാണെന്നും മെഡിക്കൽ സംഘം ഇത് കർശനമായി നിരീക്ഷിച്ചുവരികയാണെന്നും ബോർഡ് വ്യക്തമാക്കി. എന്നാൽ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇപ്പോൾ താരം കളിച്ചേക്കില്ല. നേരത്തെ കായികക്ഷമത തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് സ്റ്റാർ പേസർ ജാസ്പ്രീറ്റ് ബുംറയെയും ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.
ടീം സെലക്ഷന് പിന്നാലെ ഇന്ത്യൻ ടീമിന്റെ യാത്രാ ജേഴ്‌സി ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സർഫറാസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. പിതാവിനൊപ്പമുള്ള താരത്തിന്റെ ചിത്രവും ഇതിലുൾപ്പെടുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സർഫറാസ്.
നിലവിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക്, ഫൈനൽ സാദ്ധ്യതകൾ സജീവമാക്കാൻ ആറാം സ്ഥാനക്കാരായ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിർണായകമാണ്.
ശ്രീലങ്കൻ പര്യടനത്തിനുള്ള പുതുക്കിയ ഇന്ത്യൻ സ്‌ക്വാഡ്:
ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സരാൻഷ് ജെയിൻ, ആഖിബ് നബി, സർഫറാസ് ഖാൻ.
Indian batter Sarfaraz Khan has been added to India’s Test squad for the upcoming two-match series against Sri Lanka, replacing the injured Sai Sudharsan. Sarfaraz is set to join the team in Colombo ahead of the first Test in Galle on August 15.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |