SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.03 PM IST

ബ്ളാസ്റ്റേഴ്സിനെ വീഴ്ത്തി ഇൗസ്റ്റ് ബംഗാൾ

blasters

കൊൽക്കത്ത : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനോട് തോറ്റു. വിരസമായ മത്സരത്തിന്റെ 77-ാം മിനിട്ടിൽ ക്ളീറ്റൺ സിൽവയാണ് ബ്ളാസ്റ്റേഴ്സിന്റെ വലകുലുക്കിയത്. ഇൻജുറി ടൈമിൽ ലൂണയെ ഫൗൾ ചെയ്തതിന് ബംഗാളിന്റെ മുബഷിർ ചുവപ്പുകാർഡ് കണ്ടു. ഐ.എസ്.എല്ലിൽ ആദ്യമായാണ് ഈസ്റ്റ് ബംഗാൾ ബ്ളാസ്റ്റേഴ്സിനെ തോൽപ്പിക്കുന്നത്.

കളി തോറ്റെങ്കിലും 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ബ്ളാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. സീസണിലെ ആറാം തോൽവിയാണ് ബ്ളാസ്റ്റേഴ്സ് വഴങ്ങിയത്.ചൊവ്വാഴ്ച ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ മാത്രമായിരുന്നില്ല, നല്ല മുന്നേറ്റങ്ങളും ഇരുഭാഗത്തും ഉണ്ടായില്ല. അതിനൊപ്പം റഫറിയുടെ മണ്ടൻ തീരുമാനങ്ങളും മത്സരത്തിന്റെ രസം നശിപ്പിച്ചു. ‌ഇൗസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി സുഹൈറിന്റെ ഒരു ഹാൻഡ് ബാൾ കാണാതിരുന്ന റഫറി ബ്ളാസ്റ്റേഴ്സിന് അർഹതപ്പെട്ട ഒരു പെനാൽറ്റി ആദ്യ പകുതിയിൽ നിഷേധിച്ചു. ആദ്യ പകുതിയുടെ അവസാന സമയത്ത് സുഹൈർ വലുകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. എന്നാൽ അത് ഓഫ് ആയിരുന്നില്ലെന്ന് റീപ്ളേയിൽ വ്യക്തമായിരുന്നു. ആദ്യ പകുതിയുടെ അവസാന സമയത്താണ് ആതിഥയേരുടെ ഭാഗത്തുനിന്ന് നല്ല രണ്ട് മുന്നേറ്റങ്ങൾ ഉണ്ടായതുതന്നെ.

രണ്ടാം പകുതിയു‌ടെ തുടക്കത്തിൽതന്നെ ഈസ്റ്റ് ബംഗാളിന്റെ നല്ലൊരു മുന്നേറ്റം കണ്ടു. എന്നാൽ കെ.പി രാഹുലും ലൂണയും ചേർന്ന് എതിർഭാഗത്തേക്കും മുന്നേറ്റങ്ങൾ നടത്തി. 57-ാം മിനിട്ടിൽ സഹലിനെയും നിഷുകുമാറിനെയും ഇറക്കി ബ്ളാസ്റ്റേഴ്സ് ആധിപത്യത്തിന് ശ്രമിച്ചെങ്കിലും ഗോളടിക്കാൻ അവസരം ലഭിച്ചത് ഈസ്റ്റ് ബംഗാളിനായിരുന്നു. 77-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സ് ഗോൾമുഖത്തുനടന്ന ഒരു കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ക്ളീറ്റൺ സിൽവ വലകുലുക്കിയത്. ക്ളീറ്റന്റെ സീസണിലെ പത്താം ഗോളായിരുന്നു ഇത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ISL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360