
നഗോയ: 10 മീറ്റർ എയർ റൈഫിളിൽ വനിതകൾക്ക് പിന്നാലെ ഇന്ത്യൻ പുരുഷന്മാരും വെള്ളിമെഡൽ വെടിവച്ചിടുകയായി രുന്നു.രാവിലെ നടന്ന ടീമിനത്തിൽ ഹിമാംശു ധില്ലൻ,രുദ്രാംക്ഷ് പാട്ടീൽ,പാർത്ഥ് മാനേ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ആറ് സിരീസ് പോരാട്ടത്തിൽ 1890.1 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1899 പോയിന്റ് നേടി ലോക റെക്കാഡോടെ ചൈനീസ് ടീമാണ് സ്വർണം നേടിയത്.
വ്യക്തിഗത ഇനത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയ ഹിമാംശുവും രുദ്രാംക്ഷും മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും കഴിഞ്ഞ ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും ഈയിനത്തിൽ സ്വർണം നേടിയിരുന്ന ചൈനീസ് താരം ലിഹാവു ഷെംഗിന് പിന്നിൽ നിൽക്കാനേ കഴിഞ്ഞുള്ളൂ. ലിഹാവു ഏഷ്യൻ റെക്കാഡ് തിരുത്തിക്കുറിച്ച് 254.2 പോയിന്റ് നേടിയപ്പോൾ ഹിമാംശു 252.4 പോയിന്റും രുദ്രാംക്ഷ് 230.9 പോയിന്റുമാണ് നേടിയത്.
ഗോദയിൽ നിന്ന് ഷൂട്ടിംഗിലെത്തിയ ഹിമാംശു
ഹരിയാനയിലെ ജിൻഡ് സ്വദേശിയാണ് ഇന്നലെ ഇരട്ട വെള്ളിമെഡലുകൾ നേടിയ ഹിമാംശു ധില്ലൻ. തന്റെ അമ്മാവനും ഒളിമ്പിക്സിൽ മത്സരിച്ചിട്ടുള്ള താരവുമായ ഹർദീപ് സിംഗിന്റെ പാത പിന്തുടർന്ന് ആദ്യം ഗോദയിലേക്കാണ് ഹിമാംശു പോയത്. പക്ഷേ കുറച്ചുദിവസംകൊണ്ടുതന്നെ ഗുസ്തി പിടുത്തം തനിക്ക് പറ്റിയ പണിയല്ലെന്ന് മനസിലാക്കി. അതോടെ നിറുത്തി. പക്ഷേ അപ്പോൾ മറ്റൊരു പ്രശ്നം, ഗുസ്തി പഠിക്കുന്നില്ലെങ്കിൽ സ്കൂളിൽ പോകണം.
പഠനത്തോട് ഒട്ടും ഇഷ്ടമില്ലാത്തതിനാൽ വെറുതെ വീട്ടിലിരുന്നു. അപ്പോൾ പിതാവ് നിർബന്ധിച്ച് തന്നോടൊപ്പം ഗോതമ്പ് പാടത്തേക്ക് കൊണ്ടുപോയി പണിയെടുപ്പിച്ചു. അതോടെയാണ് എന്തെങ്കിലും സ്പോർട്സ് ചെയ്താലേ രക്ഷയുള്ളൂവെന്ന് പയ്യൻ 'തിരിച്ചറിഞ്ഞത്". എന്ത് തിരഞ്ഞെടുക്കുമെന്ന അന്വേഷണത്തിനൊടുവിലാണ് തോക്കിൽ കൈവച്ചത്. വീടിന് അടുത്തൊരു ഷൂട്ടിംഗ് റേഞ്ച് ഉണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി.
ഹിമാംശു ഷൂട്ടിംഗ് പരിശീലനം തുടങ്ങി കുറച്ചുനാളുകൾ കഴിഞ്ഞപ്പോഴാണ് കൊവിഡ് ലോക്‌ഡൗൺ വന്നത്. ആ സമയത്ത് ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനത്തിൽ മുഴുകിയതോടെയാണ് ദേശീയ തലത്തിൽ അറിയപ്പെടുന്ന ഷൂട്ടറായി മാറിയത്. 2025ൽ ഡൽഹിയിൽ നടന്ന ജൂനിയർ ലോകകപ്പിൽ 10 മീറ്റർ എയർ റൈഫളിൽ സ്വർണം നേടി. ഈ വർഷം ഏഷ്യൻ പിസ്റ്റൾ/ റൈഫിൾ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം നേടി. ഇപ്പോഴിതാ 20-ാം വയസിൽ ഏഷ്യൻ ഗെയിംസിൽ ഇരട്ട വെങ്കലങ്ങളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |