SignIn
Kerala Kaumudi Online
Wednesday, 23 September 2026 9.24 PM IST

ദേശീയ സ്കൂൾ അത്‌ലറ്റിക്സ് : ഇഞ്ചോടിഞ്ച് കേരളവും ബംഗാളും

athletics

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലെ അത്‌ലറ്റിക്സിൽ ഓവറാൾ പോയിന്റ് നിലയിൽ കേരളവും പശ്ചിമബംഗാളും പൊരിഞ്ഞ പോരാട്ടത്തിൽ . ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ 42 പോയിന്റുമായി കേരളം ഒന്നാമതെത്തിയെങ്കിലും 42 പോയിന്റുതന്നെ ബംഗാളിനുമുണ്ട്. സ്വർണമെഡലുകളുടെ എണ്ണത്തിലെ മികവാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. ഇന്നലെ കേരളം മൂന്ന് സ്വർണമാണ് നേടിയത്. 39 പോയിന്റുള്ള ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്.

ഓവറാൾ നിലയിൽ ഒന്നാമതാണെങ്കിലും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തും പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനത്തുമാണ് കേരളം. ആൺകുട്ടികളിൽ 28 പോയിന്റുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്.കേരളത്തിന് 21 പോയിന്റുകളുണ്ട്. പെൺകുട്ടികളിൽ 28 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്താണ്.മഹാരാഷ്ട്ര(23), ഗുജറാത്ത് (22)ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാമതുള്ള കേരളത്തിന് 21 പോയിന്റാണുള്ളത്.

ഇന്നലെ നടന്ന അണ്ടർ 19 പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടി കേരളത്തിന്റെ മേഘ എസ്.മീറ്റിലെ ഏറ്റവും വേഗമേറിയ വനിതാതാരമായി. 12.22 സെക്കൻഡിലാണ് മേഘ ഫിനിഷ് ചെയ്തത്. അണ്ടർ 19 ആൺകുട്ടികളുടെ 400 മീറ്ററിൽ അഭിറാം.പി കേരളത്തിനായി സ്വർണം നേടി. 49.03 സെക്കൻഡിലാണ് അഭിറാം ഒാടിയെത്തിയത്. 49.47 സെക്കൻഡിൽ ഓടിയെത്തിയ ആന്ധ്രയുടെ സെത്തി ലോഹിതിനാണ് വെള്ളി. അണ്ടർ 19 പെൺകുട്ടികളുടെ 400 മീറ്ററിൽ സാന്ദ്രമോൾ സാബുവിന് വെള്ളിമെഡൽ ലഭിച്ചു. 56.79 സെക്കൻഡിൽ ഓടിയെത്തിയ മഹാരാഷ്ട്രയുടെ ശ്രാവണി സാംഗളെ പൊന്നണിഞ്ഞപ്പോൾ സാന്ദ്ര 57.83സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.

അണ്ടർ 19 ആൺകുട്ടികളുടെ 4-100 മീറ്റർ റിലേയിൽ കേരളത്തിന് സ്വർണം ലഭിച്ചപ്പോൾ അണ്ടർ 19 പെൺകുട്ടികളുടെ 4-100 മീറ്റർ റിലേയിൽ വെള്ളിയേ നേടാനായുള്ളൂ. അണ്ടർ 19 ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ മുഹമ്മദ് മുഹ്സിൻ 14.49 മീറ്റർ ചാടി വെള്ളിയിലെത്തിയപ്പോൾ ഇതേദൂരം തന്നെ ചാടിയ പശ്ചിമബംഗാളിന്റെ ആരിത്ര സർക്കാർ സ്വർണം സ്വന്തമാക്കി.പെൺകുട്ടികളുടെ പോൾവാട്ടിൽ കേരളത്തിന്റെ ആരതി എസ്.വെങ്കലം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ATHLETICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360