
ന്യൂയോർക്ക് : ലോക ബ്ളിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സമനിലകളിൽ നിന്ന് മുക്തിയില്ലാതെ വന്നതോടെ കിരീടം പങ്കുവച്ച് മാഗ്നസ് കാൾസനും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇയാൻ നിപ്പോംനിയാഷിയും. ചരിത്രത്തിലാദ്യമായാണ് ഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിന് സംയുക്ത ജേതാക്കളുണ്ടാകുന്നത്. ഫൈനലിൽ നാലുറൗണ്ട് മത്സരങ്ങളാണുണ്ടായിരുന്നത്. ഇതിൽ ആദ്യ രണ്ട് ഗെയിമുകളിൽ കാൾസൺ ജയിച്ചു. മൂന്നാം റൗണ്ടിൽ തിരിച്ചടി തുടങ്ങിയ നിപ്പോംനിയാഷി നാലാം റൗണ്ടിലും ജയിച്ചതോടെ ടൈബ്രേക്കറിലേക്ക് പോകേണ്ടിവന്നു. ടൈബ്രേക്കറിലെ ആദ്യ റൗണ്ട് സമനിലയിലായതോടെ രണ്ടാം റൗണ്ടിലേക്ക്. അവിടെയും സമനിലവന്നതോടെ മൂന്നാം ഗെയിം കളിക്കാനിറങ്ങി. അതും ഫലമില്ലാതെ പിരിഞ്ഞപ്പോൾ അടുത്തനടപടി എന്തെന്ന് ഫിഡെ ആലോചന തുടങ്ങി. അപ്പോഴാണ് നിലവിലെ ചാമ്പ്യനായ കാൾസൺ കിരീടം പങ്കുവയ്ക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. അത് ഏവർക്കും സമ്മതമായതോടെ ചരിത്രനിമിഷം പിറന്നു.
കാൾസന്റെ കരിയറിലെ എട്ടാമത്തെ ലോക ബ്ലിറ്റ്സ് കിരീടമാണിത്. നീപ്പോംനീഷിയുടെ ആദ്യ കിരീടവും. നേരത്തേ റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ ജീൻസിട്ട് മത്സരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ കാൾസൻ മത്സരവേദിയിൽ നിന്ന് ഇറങ്ങിപ്പോയത് വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |