
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രഥമ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ പുരുഷ വിഭാഗത്തിൽ കൊല്ലം ഫാത്തിമ മാതയും (105 പോയിന്റ്) വനിതകളിൽ എറണാകുളം മഹാരാജാസും (44 പോയിന്റ്) മുന്നിൽ. പുരുഷ വിഭാഗത്തിൽ എറണാകുളം മഹാരാജാസും (43 പോയിന്റ്) മലപ്പുറം മുണ്ടുപറമ്പ ഗവ.കോളേജും (34 പോയിന്റ്) വനിതാ വിഭാഗത്തിൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജും (42 പോയിന്റ്) കാസർകോട് ഗവ. കോളേജുമാണ് (37 പോയിന്റ്) രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ മാർച്ച് ഫാസ്റ്റോടെ തുടങ്ങിയ മത്സരങ്ങൾ മുൻ ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻ കെ.സി.ലേഖ ദീപശിഖ തെളിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ.സി.ഉദയകല, കോഓർഡിനേറ്റർ ഡോ.എ.പസിലത്തിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.ശ്രീവത്സൻ, ഡോ.എം.ജയപ്രകാശ്, സ്‌പോർട്ട്സ് കേരള ഫൗണ്ടേഷൻ സി.ഇ.ഒ ഡോ.കെ.അജയകുമാർ, പി.വി.സി ഇൻ ചാർജ് ഡോ. ജെ.ഗ്രേഷ്യസ്, കേരള സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. റസിയ ബീഗം, രജിസ്ട്രാർ ഡോ. എ.പി.സുനിത എന്നിവർ പ്രസംഗിച്ചു.
അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും.
വേഗമേറിയ താരങ്ങൾ
100 മീറ്റർ മത്സരങ്ങളിൽ പുരുഷൻമാരിൽ കായംകുളം എം.എസ്.എം കോളേജിലെ ബി.വിശ്വനാഥൻ നായരും (50 വയസിന് മുകളിൽ) കൊല്ലം ഫാത്തിമമാതാ കോളേജിലെ എസ്.അനീഷും (36-50 വയസ്) മഹാരാജാസ് കോളേജിലെ സി.വി.വിജേഷും (26-35 വയസ്) ഫാത്തിമമാതാ കോളേജിലെ ആകാശ് ഹെറനും (25ന് താഴെ) വനിതകളിൽ ഫാത്തിമമാതാ കോളേജിലെ ബി.ഗീതാകുമാരിയമ്മ (50ന് മുകളിൽ) കാസർകോട് ഗവ. കോളേജിലെ ടി.കെ.ജിഷ (36-50), പി.സിനി (26-35), കായംകുളം എം.എസ്.എം കോളേജിലെ പരമേശ്വരി (25ന് താഴെ) എന്നിവരും സുവർണ ഫനിഷ് ചെയ്തു.
മകനെ പരിശീലിപ്പിക്കാനിറങ്ങി,
ഇപ്പോൾ ഇരട്ട പൊൻ തിളക്കം
മകനെ പരിശീലിപ്പിക്കാൻ ഷോട്ട്പുട്ടും ജാവലിനുമെടുത്ത ജോർജ് ഐസക്ക് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ നേടിയത് ഇരട്ടസ്വർണം. 51 വയസിന് മുകളിലുള്ള പുരുഷന്മാരുടെ ഷോട്ട്പുട്ട്. ജാവലിൻ മത്സരങ്ങളിലാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ജോർജ് പൊന്നണിഞ്ഞത്.
ഒരാൾക്ക് രണ്ട് ഇനങ്ങളിലേ മത്സരിക്കാവൂ എന്ന നിബന്ധന ഇല്ലായിരുന്നെങ്കിൽ ഡിസ്കസ് ത്രോയിലും സ്വർണം നേടുമായിരുന്നെന്ന് ജോർജ് പറഞ്ഞു. ജോർജിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ അബിൻ ജോർജ് ത്രോ ഇനങ്ങളിൽ ജില്ലാ തലം വരെ മത്സരിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബി.എ ഹിസ്റ്ററി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ ജോർജ് , കൊല്ലം ഫാത്തിമ മാതാ കോളേജിലാണ് പഠിക്കുന്നത്. ഹയർ എഡ്യുക്കേഷൻ വിഭാഗത്തിന് കീഴിലുള്ള സി-ആപ്റ്റിലെ ജീവനക്കാരനാണ്.
ഗീതാകുമാരിയമ്മ
ട്രാക്കിലെ പായുംപുലി
ട്രാക്കിലിറങ്ങിയാൽ ഗീതാകുമാരിയമ്മയ്ക്ക് പ്രായമൊന്നും ഒരു പ്രശ്നമേയല്ല. എസ്.എൻ ഓപ്പൺ സർവകലാശാല അത്‌ലറ്റിക് മീറ്റിലെ 100 മീറ്ററിൽ പായും പുലിയായ ഈ 52കാരി 21.9 സെക്കൻഡിലാണ് പൊന്ന് നേടിയത്.ഓപ്പൺ സർവകലാശാലയുടെ കൊല്ലം ഫാത്തിമ മാതാ കോളേജിലെ സെന്ററിൽ സൈക്കോളജി വിദ്യാർത്ഥിയാണ് മടവൂർ സ്വദേശിയായ ഗീതാകുമാരിയമ്മ. പാരിപ്പള്ളി കിഴക്കനേലയിലാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |