SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

സുനിൽ ഛെത്രി മടങ്ങിയെത്തുമ്പോൾ

sunil-chhetri

2024 ഇന്ത്യൻ ഫുട്ബാളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം വർഷങ്ങളിലൊന്നായിരുന്നു. കളിച്ച 11 മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാൻ കഴിയാതിരുന്ന വർഷം.ഒരു പതിറ്റാണ്ടിലേറെയായി ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ നായകൻ കളി മതിയാക്കിയ വർഷം. ഉയരങ്ങളിലേക്ക് കൈപിടിച്ചു കയറ്റുമെന്ന് കരുതിയ പരിശീലകനെ പറഞ്ഞുവിടേണ്ടിവന്ന വർഷം...നല്ലതൊന്നും പറയാനില്ലാത്ത ഒരു വർഷത്തിന് ശേഷം പുതിയ വർഷത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ഇന്ത്യൻ ഫുട്ബാളിനെ തേടിയെത്തിയിരിക്കുന്നത് ഒരു ശുഭ വാർത്തയാണ്; കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര മത്സരങ്ങൾ അവസാനിപ്പിച്ചിരുന്ന സുനിൽ ഛെത്രി തന്റെ തീരുമാനം പിൻവലിച്ചിരിക്കുന്നു. 40 കാരനായ ഛെത്രി ഈ മാസം 25ന് എ.എഫ്‌.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനിറങ്ങും.

കഴിഞ്ഞ വർഷം കളിച്ച 11 മത്സരങ്ങളിൽ ആറെണ്ണത്തിലാണ് ഇന്ത്യ തോറ്റത്. അഞ്ചുമത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. ഈ 11 മത്സരങ്ങളിൽ ഇന്ത്യ ആകെ നേടിയത് നാലുഗോളുകളാണ്. ഛെത്രി വിരമിച്ചശേഷം കളിച്ച അഞ്ചുമത്സരങ്ങളിൽ മൂന്ന് ഗോളുകളാണടിച്ചത്. ദേശീയ ടീമിൽ നിന്ന് വിരമിച്ചശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌.സിക്കായി കളിക്കുകയാണ് ഛെത്രി. ബംഗളൂരു എഫ്‌സിക്കു വേണ്ടി ഈ സീസണിൽ 12 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് അസിസ്റ്റുകളും നടത്തി. ഈ സീസണിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ താരം ഛെത്രിതന്നെയാണ്.

ഛെത്രിയുടെ വിരമിക്കലിന് ശേഷം ഇന്ത്യൻ ഫുട്ബാൾ ടീം മോശം പ്രകടനം ആവർത്തിച്ചതോടെയാണ് കോച്ച് ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കേണ്ടിവന്നത്. ഐ.എസ്.എൽ ക്ളബ് എഫ്.സി ഗോവയുടെ കോച്ചുകൂടിയായ മനോലോ മാർക്വേസിനാണ് സ്റ്റിമാച്ച് പോയശേഷം ഇന്ത്യൻ ടീമിന്റേയും ചുമതല. ഛെത്രിയെ ഇന്ത്യൻ ടീമിന് ഇനിയും ആവശ്യമുണ്ടെന്ന മനോലോയുടെ അഭ്യർത്ഥന മാനിച്ചാണ് ഛെത്രിയുടെ മടങ്ങിവരവെന്നാണ് സൂചന.

തിരിച്ചുവരവിലെ പ്രതീക്ഷകളും ചോദ്യങ്ങളും

കളിക്കളത്തിലേക്കുള്ള സുനിൽ ഛെത്രിയുടെ തിരിച്ചുവരവ് ഇന്ത്യൻ ഫുട്ബാളിന് പ്രതീക്ഷ പകരുന്നതിനൊപ്പം ചില ചോദ്യങ്ങൾ കൂടി ഉയർത്തുന്നുണ്ട്.

1. ഈ വർഷം ഇന്ത്യയുടെ പ്രധാന മത്സരങ്ങൾ എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷന്റെ മൂന്നാം റൗണ്ടിലാണ്. ബംഗ്ളാദേശ്, ഹോംഗ്കോംഗ്,സിംഗപ്പൂർ എന്നീ ടീമുകളെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടത്.

2.ഛെത്രിയെപ്പോലെ പരിചയ സമ്പന്നനായ ഒരു സ്ട്രൈക്കറുടെ സാന്നിദ്ധ്യം ഈ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകും. ടീമിന് ആത്മവിശ്വാസം വീണ്ടെടുക്കാനാകും.

3. കളിക്കാരൻ എന്നതിലുപരി സഹതാരങ്ങൾക്ക് പ്രചോദനം പകരാൻ കഴിയുന്ന പരിവേഷം ഛെത്രിക്കുണ്ട്. അതിനാൽതന്നെ ക്യാപ്ടൻ,പരിശീലകൻ എന്നീ റോളുകൾക്കപ്പുറം ടീമിന് കരുത്തേകാനാകും.

4. ഛെത്രി വിരമിച്ച് ആറുമാസം കഴിഞ്ഞിട്ടും ആ വിടവ് നികത്താനോ, പകരക്കാരെ കണ്ടെത്തി പരിശീലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന വലിയ തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്.

5. വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയാലും അധികകാലം ഇന്ത്യൻ കുപ്പായത്തിൽ തുടരാൻ പ്രായം ഛെത്രിയെ അനുവദിക്കില്ല. അതിനാൽ മികച്ച യുവസ്ട്രൈക്കർമാരെ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

6.ഛെത്രിയുടെ വരവ് ഒരു താത്കാലിക പരിഹാരം മാത്രമാണെന്നും രോഗം മാറ്റാൻ സ്ഥിരപരിഹാരം കണ്ടെത്തിയേ മതിയാകൂവെന്നും തിരിച്ചറിയണം.

സുനിൽ ഛെത്രി

19 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ ഛെത്രി സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SUNIL CHETRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360