മുംബയ്: ദേശിയ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന സിംബാബ്‌വേ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ മുഖ്യ പരിശീലകനായി എത്തുമെന്ന് റിപ്പോർട്ടുകൾ. ടീമിന്റെ മത്സരക്രമം കണക്കിലെടുത്ത് മുതിർന്ന ടീമിന്റെയും വിദേശ പര്യടനത്തിന് പോകുന്ന യുവ ടീമിന്റെയും പരിശീലന ചുമതലകൾ വിഭജിച്ചു നൽകാൻ ബി.സി.സി.ഐ നിർബന്ധിതരായതിനെത്തുടർന്നാണ് പുതിയ നീക്കം.
ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനവും ഒരേസമയത്താണ് നടക്കുന്നത്. സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയുടെ ചുമതല വഹിക്കുന്നതിനാൽ സിംബാബ്‌വേ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും യുവനിരയെ നയിക്കാൻ ബി.സി.സി.ഐ ലക്ഷ്മണെ നിയോഗിക്കുകയായിരുന്നു. നിലവിൽ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിന്റെ തലവനായ ലക്ഷ്മൺ മുൻപും മുഖ്യ പരിശീലകരുടെ അഭാവത്തിൽ ഇന്ത്യൻ ടീമിന്റെ കോച്ചായി എത്തിയിട്ടുണ്ട്. 2024ൽ സിംബാബ്‌വേയിൽ നടന്ന ട്വന്റി-20 പരമ്പര ഇന്ത്യ 4-1 ന് നേടിയത് ലക്ഷ്മണിന്റെ കീഴിലായിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ജൂലായ് 23, 25, 26 തീയതികളിൽ ഹരാരെയിൽ വച്ചാണ് സിംബാബ്‌വേയ്‌ക്കെതിരെ ട്വന്റി-20 പരമ്പര നടക്കുന്നത്. സെപ്തംബർ 24 മുതൽ ഒക്ടോബർ മൂന്ന് വരെ ജപ്പാനിലാണ് എഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരം. ഗൗതം ഗംഭീറിന്റെ കീഴിലുള്ള സീനിയർ ടീം സെപ്തംബർ 27 മുതൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന, ട്വന്റി-20 പരമ്പരകൾ കളിക്കും. അതേസമയം മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയാണ് സിംബാബ്‌വേ പര്യടനത്തിനുള്ള ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും മിന്നും പ്രകടനം പുറത്തെടുത്ത പ്രഭ്‌സിമ്രാൻ സിംഗിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് സിംബാബ്‌വേ പര്യടനത്തിനുള്ള ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ശ്രേയസ് അയ്യർ തന്നെയാണ് സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്. യഷ് താക്കൂർ, അശോക് ശർമ്മ, ഹർഷ് ദുബെ, പ്രഭ്‌സിമ്രാൻ സിംഗ് തുടങ്ങിയ നിരവധി പുതുമുഖ താരങ്ങൾ ടീമിൽ ഇടംപിടിച്ചു. പരിക്കിനെത്തുടർന്ന് ദീർഘകാലം വിശ്രമത്തിലായിരുന്ന യുവ പേസർ മായങ്ക് യാദവും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |