
ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ അർജന്റീന Vs സ്പെയ്ൻ പോരാട്ടം ഞായറാഴ്ച രാത്രി 12.30ന്
ന്യൂയോർക്ക് : ലോകകാൽപ്പന്തുപോരാട്ടത്തിന്റെ കലാശക്കൊട്ടിന് ടിക്കറ്റെടുത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ സ്പെയ്നും. കഴിഞ്ഞരാത്രി ഇംഗ്ളണ്ടിനെ ഒുഗോളിന് പിന്നിൽ നിന്നശേഷം അവസാന ഏഴുമിനിട്ടിനിടെ നേടിയ രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പിന്റെ ഫൈനലിലേക്ക് മാർച്ചുചെയ്തത്. ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് സ്പെയ്ൻ സെമിയിൽ തറപറ്റിച്ചത്.
ലോകഫുട്ബാളിലെ ഏറ്റവും പ്രബലനും പരിചയസമ്പന്നനുമായ ലയണൽ മെസിയുടേയും കഴിഞ്ഞ ദിവസം 19 വയസ് തികഞ്ഞതേയുള്ളൂവെങ്കിലും ഇക്കാലംകൊണ്ടുതന്നെ ലോകോത്തരതാരമായി അവരോധിക്കപ്പെട്ട ലാമിൻ യമാലിന്റേയും കൊമ്പുകോർക്കലിനാണ് ഞായറാഴ്ച രാത്രി ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയം വേദിയാകുന്നത്. ലിയാൻഡ്രോ പരേഡസും മക് അലിസ്റ്ററും മൊളീനയും സിമയോണിയും ലൗതാരോ മാർട്ടിനെസും തഗ്ളിയാഫിക്കോയും ഗോളി എമിലിയാനോ മാർട്ടിനെസുമൊക്കെ മെസിക്ക് പിന്നിൽ ഒരേ മനസോടെ അണിനിരക്കുന്നു. കഴിഞ്ഞ യൂറോകപ്പിലെ ഏറ്റവും മികച്ച താരമായ മിഡ്ഫീൽഡർ റൊഡ്രിയാണ് സ്പാനിഷ് നായകൻ. മൈക്കേൽ ഒയർസബാൽ, ഡാനി ഓൾമോ,കുക്കറേല,മൈക്കേൽ മെരിനോ,പെഡ്രി, പാവു കുബാർസി, ഫാബിയൻ റൂയിസ് തുടങ്ങിയ പടക്കുതിരകളും സ്പാനിഷ് സംഘത്തിലുണ്ട്.
ഫൈനലിലേക്കുള്ള വഴി
അർജന്റീന
3-0
ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തിൽ അൾജീരിയയെ തോൽപ്പിച്ചു.
2-0
രണ്ടാം മത്സരത്തിൽ ഓസ്ട്രിയയ്ക്ക് എതിരെ ജയം.
3-1
അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർദാനെ തകർത്തു.
3-2
രണ്ടാം റൗണ്ടിൽ കേപ് വെർദേയ്ക്ക് എതിരെ ജയം.
3-2
പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ മറികടന്നു.
3-1
ക്വാർട്ടറിൽ കീഴടക്കിയത് സ്വിറ്റ്സർലാൻഡിനെ.
2-1
സെമിയിൽ ഇംഗ്ളീഷ് വെല്ലുവിളി നിർവീര്യമാക്കി.
സ്പെയ്ൻ
0-0
ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കേപ്പ് വെർദേയോട് ഗോൾരഹിത സമനില.
4-0
രണ്ടാം മത്സരത്തിൽ സൗദി അറേബ്യയ്ക്ക് എതിരെ തകർപ്പൻ വിജയം.
1-0
അവസാന മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ചു.
3-0
രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്ട്രിയയെ കീഴടക്കി.
1-0
പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിൽ ഇൻജുറി ടൈം ഗോളിൽ ജയം.
2-1
ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ ജയം.
2-0
സെമിയിൽ ഫ്രാൻസിനെ മറികടന്നു.
മെസി സോപ്പിട്ട്
കുളിപ്പിച്ച യമാൽ
സ്പെയ്നും അർജന്റീനയും ലോകകപ്പ് ഫൈനലിലെത്തിയതോടെ വൈറലാകുന്നത് 2007ൽ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി ലയണൽ മെസി ഒരു വയസുള്ള ലാമിൻ യമാലിനെ കുളിപ്പിക്കുന്ന ചിത്രം. അന്ന് സ്പാനിഷ് ക്ളബ് ബാഴ്സലോണയുടെ താരമായിരുന്ന മെസി യൂണിസെഫിന്റെ ഒരു പരിപാടിയോട് അനുബന്ധിച്ച് നടന്ന ഫോട്ടോ ഷൂട്ടിലാണ് കുഞ്ഞ് യമാലിനെ സോപ്പിട്ട് കുളിപ്പിച്ചത്. ആ കുട്ടിയാണ് പിന്നീട് ബാഴ്സലോണ ക്ളബിൽ മെസിയുടെ പിൻഗാമിയായി എത്തിയത്. ഒരുകാലത്ത് മെസി നെഞ്ചിലേറ്റിയിരുന്ന ബാഴ്സലോണയുടെ പ്രമാണിത്വം ഇന്ന് യമാന്റെ ചുമലുകളിലാണ്.
കഴിഞ്ഞ 12 വർഷത്തിനിടെ അർജന്റീന ഫൈനലിലെത്തുന്നത് ഇത് മൂന്നാം തവണയാണ്. 2014ൽ റണ്ണേഴ്സ് അപ്പാവുകയും 2022ൽ കിരീടം നേടുകയും ചെയ്തു.
3 തവണ ലോകകപ്പ് ഉയർത്തിയിട്ടുള്ള ടീമാണ് അർജന്റീന.
2010ന് ശേഷം ആദ്യമായാണ് സ്പെയ്ൻ ലോകകപ്പ് ഫൈനലിൽ കളിക്കുന്നത്.
1 തവണമാത്രമേ സ്പെയ്ൻ ലോകകപ്പ് നേടിയിട്ടുള്ളൂ.
ഇറ്റലിക്കും (1934,38) ബ്രസീലിനും (1958,62) ശേഷം തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിലെത്തുന്ന ആദ്യ ടീമാണ് അർജന്റീന. ഇറ്റലിയും ബ്രസീലും തുടർച്ചയായി രണ്ട് വട്ടം കിരീമുയർത്തുകയും ചെയ്തു.
1966
ലോകകപ്പുകളുടെ ചരിത്രത്തിൽ ഒരിക്കൽമാത്രമാണ് അർജന്റീനയും സ്പെയ്നും ഏറ്റുമുട്ടിയത്. അന്ന് ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ അർജന്റീന 2-1ന് ജയിച്ചു.
നിലവിലെ യൂറോകപ്പ് ജേതാക്കളും കോപ്പ അമേരിക്ക ചാമ്പ്യന്മാരും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ആദ്യം.
തന്റെ മൂന്നാം ലോകകപ്പ് ഫൈനലിനാണ് മെസി ഇറങ്ങുന്നത്. യമാലിന്റെ ആദ്യ ലോകകപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |