
ട്രിവാൻഡ്രം റോയൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ആലപ്പി റിപ്പിൾസ്
നാലോവറിൽ മൂന്ന് വിക്കറ്റുകളുമായി ടി.എസ് വിനിൽ വിജയശിൽപ്പി
തിരുവനന്തപുരം : ആദ്യ രണ്ട് സീസണുകളിലേയും പിഴവുകൾ തിരുത്താൻ ഉറച്ചുതന്നെയാണ് ഇക്കുറി ഇറങ്ങുന്നതെന്ന് ആദ്യ മത്സരത്തിൽ തെളിയിച്ച് ആലപ്പി റിപ്പിൾസ്. കെ.സി.എല്ലിന്റെ മൂന്നാം സീസണിലെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ പൊട്ടിച്ചാണ് റിപ്പിൾസ് തകർപ്പൻ തുടക്കമിട്ടിരിക്കുന്നത്.
ഇന്നലെ ആദ്യം ബാറ്റുചെയ്ത ട്രിവാൻഡ്രത്തെ നിശ്ചിത 20 ഓവറിൽ 126/8 എന്ന സ്കോറിൽ ഒതുക്കിയശേഷം 12.5 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു ആലപ്പിക്കാർ. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ടി.എസ് വിനിലിന്റെ മികവിലാണ് ആലപ്പി ട്രിവാൻഡ്രത്തെ എറിഞ്ഞൊതുക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ 29 പന്തുകളിൽ അഞ്ച് സിക്സുകളും എട്ടുഫോറുകളും പായിച്ച് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ വിജയത്തിന് നങ്കൂരമിട്ടു. നായകൻ സച്ചിൻ ബേബിയും (26*) കെ.എ അരുണും (24*) ചേർന്ന് 43 പന്തുകൾ ബാക്കിനിൽക്കേ ടീമിനെ ആദ്യ വിജയത്തിലേക്ക് എത്തിച്ചു.
ആദ്യ മൂന്ന് ഓവറുകളിൽ മൂന്ന് വിക്കറ്റുകളാണ് വിനിൽ വീഴ്ത്തിയത്. ട്രിവൻഡ്രത്തിന്റെ മുൻനിര താരങ്ങളായ വിഷ്ണു വിനോദ് (7), ഗോവിന്ദ് ദേവ് പൈ (1), അഭിഷേക് പി നായർ(0) എന്നിവരാണ് തുടക്കത്തിലേ വിനിലിനിരയായി മടങ്ങിയത്. അനാവശ്യ റണ്ണിനായോടി ക്യാപ്റ്റൻ കൃഷ്ണപ്രസാദ് കൂടി പുറത്തായതോടെ നാല് വിക്കറ്റിന് 21 റൺസെന്ന നിലയിലായിരുന്നു റോയൽസ്. തുടർന്ന് സിജോമോൻ ജോസഫും(46), ഭരത് സൂര്യയും( 17) കെ.അജീഷും( 23) നടത്തിയ ചെറുത്തുനിൽപ്പാണ് 126 ലെത്തിച്ചത്. റിപ്പിൾസിന് വേണ്ടി ജലജ് സക്സേന രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടിക്കിറങ്ങിയ ആലപ്പിക്കുവേണ്ടി തുടക്കം മുതൽ അസറുദ്ദീൻ കത്തിക്കയറി. നാലാം ഓവറിൽ ജലജും ഒൻപതാം ഓവറിൽ അസറും പുറത്തായെങ്കിലും അതിനകം അവർ വിജയം ഉറപ്പിച്ചിരുന്നു. വിനിലാണ് പ്ളേയർ ഒഫ് ദ മാച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |