SignIn
Kerala Kaumudi Online
Friday, 28 August 2026 5.43 AM IST

കൊല്ലം ത്രില്ലർ!

u

തിരുവനന്തപുരം: കെ.സി.എല്ലിൽ ത്രില്ലറായി മാറിയ ഇന്നലത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്‌സിന് 3 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊച്ചി പൊരുതിയെങ്കിലും 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസേ നേടാനായുള്ളൂ. നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. തക‍ർപ്പൻ ബൗളിങ്ങിലൂടെ 3 വിക്കറ്ര് വീവ്‌ത്തി കൊല്ലത്തിന് വിജയമൊരുക്കിയ പവൻ രാജാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ സെയിലേഴ്സിന് ക്യാപ്‌ടൻ വത്സൽ ഗോവിന്ദും ( 46പന്തിൽ 77), അഭിഷേക് ജെ നായരും (31 പന്തിൽ 46) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒരു വശത്ത് സാലി സാംസനെതിരെ വത്സൽ ഗോവിന്ദ് തുടരെ സിക്സും ഫോറും നേടിയപ്പോൾ മറുവശത്ത് ആൽഫി ഫ്രാൻസിസിനെതിരെ തുടരെ മൂന്ന് ഫോറുകൾ നേടി അഭിഷേകും തകർത്തടിച്ചു. അഞ്ചോവറിൽ അൻപതിലെത്തിയ സെയിലേഴ്സ് 10.1 ഓവറിൽ 100 പിന്നിട്ടു.

ഇതിനിടെ സ്കോർ 99ൽ നിൽക്കെ അഭിഷേകിന്റെ വിക്കറ്റ് നഷ്ടമായി. പി എസ് ജെറിന്റെ പന്തിൽ കാർത്തിക് ബി നായർ ക്യാച്ചെടുത്താണ്അഭിഷേക് മടങ്ങിയത്. തുടർന്ന് കണ്ടത് അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റുകൾ വലിച്ചെറിയുന്ന സെയിലേഴ്സിന്റെ ബാറ്റർമാരെയാണ്. അജിനാസും ആനന്ദ് കൃഷ്ണനും രണ്ട് റൺസ് വീതം നേടിയും അർജുൻ വേണുഗോപാൽ ഒന്നും പ്രീതിഷ് പവൻ അഞ്ചും അഖിൽ കെ ജി എട്ടും റൺസ് നേടി മടങ്ങി. ഒടുവിൽ വത്സൽ ഗോവിന്ദ് റണ്ണൗട്ടാവുക കൂടി ചെയ്തതോടെ മികച്ച തുടക്കം കിട്ടിയിട്ടും സെയിലേഴ്സിന്റെ ഇന്നിംഗ്സ് 158 റൺസിൽ അവസാനിച്ചു. വത്സലിനും അഭിഷേകിനും ഒഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ല. കൊച്ചിക്ക് വേണ്ടി ജെറിനും കാർത്തിക് ബി നായരും ബേസിൽ തമ്പിയും മുഹമ്മദ് ആഷിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയുടെ തുടക്കം മികച്ചതായിരുന്നില്ല. 48 റൺസെടുക്കുന്നതിനിടെ വിനൂപ് മനോഹരന്റെയും (19), പവൻ ശ്രീധറുടെയും (2), മുഹമ്മദ് ഷാനുവിന്റെയും (18) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ സാലി സാംസണും (33 പന്തിൽ 44)​,​ മനുകൃഷ്ണനും (37) ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് കൊച്ചിക്ക് പ്രതീക്ഷ നൽകി. ഇരുവരും 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും കൊച്ചിയെ വിജയത്തിലേക്ക് എത്തിച്ചേക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മാന്ത്രിക സ്പെല്ലുമായി പവൻരാജ് എത്തിയത്.

17-ാം ഓവറിലെ അഞ്ചാം പന്തിൽ മനുകൃഷ്ണനെ പവൻ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. അടുത്ത ഓവറിൽ സാലി സാംസണെ വിജയ് വിശ്വനാഥ് മടക്കി. അടുത്ത ഓവറിൽ അപകടകാരികളായ സച്ചിൻ സുരേഷിനെയും (3)​,​ജോബിൻ ജോബിയെയും (0)​ അടുത്തടുത്ത പന്തുകളിൽ മടക്കിയയച്ച് പവൻ കൊല്ലത്തെ വിജയവഴിയിൽ എത്തിച്ചു. ഇതോടെ മൂന്ന് വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ കൊച്ചിക്ക് ജയിക്കാൻ 19 റൺസ് വേണമായിരുന്നു. അവസാന ഓവറിൽ രണ്ട് സിക്സുമായി ആൽഫി ഫ്രാൻസിസ് (പുറത്താകാതെ 10 പന്തിൽ 23) പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിന് തൊട്ടരികെ കൊച്ചി പൊരുതിവീണു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360