
മുംബയ് : ഈ മാസം 13ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തിരിച്ചുവിളിച്ചു. പ്രഭ്സിമ്രാൻ സിംഗിന് പകരമാണ് സഞ്ജു തിരിച്ചെത്തുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ടീമിൽ ഉപനായകനായി തിലക് വർമ്മ തുടരും. വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷനും ടീമിലുണ്ട്.പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്ത ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചില്ല.
ലോകകപ്പ് നേട്ടത്തിൽ പ്രധാനപങ്കുവഹിച്ചിരുന്ന സഞ്ജുവിനെ അയർലാൻഡിനും ഇംഗ്ളണ്ടിനുമെതിരായ പരമ്പരകളിലെ മോശം പ്രകടനത്തിന്റെ പേരിൽ സിംബാബ്‌വേ പര്യടനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി ,ഓൾറൗണ്ടർമാരായ ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവർ ടീമിലിടം നേടിയിട്ടുണ്ട്. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർ ടീമിലുണ്ടെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ കളിക്കൂ. ബുംറ ഐറിഷ്, ഇംഗ്ളീഷ് പര്യടനങ്ങൾക്ക് ആദ്യം ടീം പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്നെങ്കിലും പരിക്ക് ഭേദമാകാത്തതിനാൽ ഒഴിവാക്കേണ്ടിവന്നു.
ഈ മാസം 13, 15, 17 തീയതികളിലായി ഡൽഹിയിലാണ് മൂന്ന് മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ,ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി,വാഷിംഗ്ൺ സുന്ദർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |