
നഗോയ: തുടക്കത്തിലെ തിരിച്ചടികളെ മറികടന്ന് അയ്ച്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഗോൾഡൻ ഫിനിഷ് നടത്തി ഇന്ത്യ. ഏഷ്യൻ ഗെയിംസിന്റെ ഇരുപതാം പതിപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമുൾപ്പെടെ 85മെഡലുകളാണ് രാജ്യത്തിന്റെ മെഡൽ അക്കൗണ്ടിൽ ഉള്ളത്. ഗെയിംസിലെ ഇന്ത്യയുടെ അവസാന ഇനമായ പുരുഷ ഹോക്കിയിലെ സ്വർണനേട്ടം നിർണായകമായി. ഈ സ്വർണത്തിലൂടെയാണ് ഉസ്‌ബെക്കിസ്ഥാനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കയറിയത്. ഇന്ത്യയ്ക്കും ഉസ്ബെക്കിസ്ഥാനും 21 സ്വർണം വീതമാണുള്ളതെങ്കിലും 2 വെള്ളിയുടെ ലീഡിൽ ഇന്ത്യ നാലാസ്ഥാനമുറപ്പിച്ചു. ഇന്ന് ഇക്വസ്ട്രിയൻ ജമ്പിംഗ് സിംഗിൾസിൽ ഉസ്‌ബക്കിസ്ഥാൻ താരം സ്വർണം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് നാലാം സ്ഥാനം നഷ്ടമാകൂ. എന്നാൽ അതിനുള്ള സാധ്യത വളരെ വിദൂരമാണ്.
അവസാനമത്സര ദിനം 5 സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവും നേടാൻ ഇന്ത്യൻ താരങ്ങൾക്കായി. കഴിഞ്ഞഹാംഗ്‌ചോ ഏഷ്യൻ ഗെയിംസിലും ഇന്ത്യ നാലാം സ്ഥാനത്തായിരുന്നെങ്കിലും ആകെ മെഡൽ നേട്ടത്തിൽ സെഞ്ച്വറി തികച്ചിരുന്നു (106 മെഡലുകൾ).
അമൻ അതിഗംഭീരം
ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഫൈനലിൽ ലോക ചാമ്പ്യനായ ഉത്തര കൊറിയയുടെ ഹാൻ ചോംഗ് സോംഗിനെ 11-7 എന്ന സ്കോറിന് തകർത്താണ് അമൻ സ്വർണം സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഈഇനത്തിൽ 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന റെക്കാഡും അമൻ സ്വന്തമാക്കി. കഴിഞ്ഞ തവണത്തെ വെങ്കലം ഇത്തവണ സ്വർണമായി ഉയർത്താനും അമനായി. കഴിഞ്ഞ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ വെങ്കലം നേടിയിരുന്നു.
സ്വർണപ്പതിനേഴ്
17-ാം വയസിൽ രണ്ട് സ്വർണമുൾപ്പടെ മൂന്ന് ഏഷ്യൻ ഗെയിംസ് മെഡലുകൾ സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് കുംകും മോഹദ് എന്ന മഹാരാഷ്ട്രക്കാരി. അമ്പെയ്‌ത്ത് റീകർവ് വനിതാ സിംഗിൾസിൽ സ്വർണം നേടിയാണ് ഇന്നലെ കുംകും താരമായത്. ഈ ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് കുംകും. കഴിഞ്ഞ ദിവസം റീകർവ് സ്വർണം നേടിയ വനിതാ ടീമിലും വെള്ളി നേടിയ മിക്സഡ് ടീമിലും കുംകും അംഗമായിരുന്നു.
ഹായ് ഹോക്കി
വനിതകൾക്ക് പിന്നാലെ പുരുഷൻമാരും ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടി. നിലവിലെ ചാമ്പ്യൻമാരെന്ന ആത്മവിശ്വാസവുമായി ഫൈനലിനിറങ്ങിയ ഇന്ത്യ മലേഷ്യയെ 5-1ന് തകർത്താണ് സ്വർണം നിലനിറുത്തിയത്. ജയത്തോടെ ഒളിമ്പിക്സ് യോഗ്യതയും ഇന്ത്യ നേടി. ഏഷ്യൻ ഗെയിംസ ചരിത്രത്തിൽ ആദ്യമായാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ സ്വർണം നിലനിറുത്തുന്നത്.ക്യാപടൻ ഹർമൻ പ്രീത് സിംഗ് ഇന്ത്യയ്ക്കായി രണ്ട് ഗോളുകൾ നേടി. ജുഗ്‌രാജ് സിംഗ്,ഹാർദിക് സിംഗ്,ഷിലാനന്ദ് ലക്ര എന്നവരും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു.
മറ്റ് മെഡൽ തിളക്കങ്ങൾ
ഗുസ്തിയിൽ വനിതകളുടെ ഫ്രീസ്റ്റൈൽ 53 കിലോഗ്രാം വിബാഗത്തിൽ ആന്റിം പങ്കൽ കടുത്ത പോരാട്ടത്തിനൊടുവിൽ വെള്ളി മെഡൽ സ്വന്തമാക്കി.
അമ്പെയ്ത്ത് പുരുഷന്മാരുടെ റിക്കർവ് വ്യക്തിഗത വിഭാഗത്തിൽ നീരജ് ചൗഹാൻ വെങ്കല മെഡൽ മത്സരത്തിൽ സഹ ഇന്ത്യൻ താരം ധീരാജ് ബൊമ്മദേവരയെ (6-4 ) പരാജയപ്പെടുത്തി മെഡൽ നേടി.
ഏഷ്യൻ ഗെയിംസിന് ഇന്ന് കൊടിയിറക്കം
നീരു ദണ്ഡ ഇന്ത്യൻ പതകയേന്തും
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് സമാപനച്ചടങ്ങുകൾ.
ലൈവ് -സോണി സ്പോർട്സ് നെറ്റ്‌വർക്ക്, സോണി ലിവ്.
ഇന്ത്യ മെഡൽ നില
2022-4-ാമത്- 28 സ്വർണം,38 വെള്ളി, 40 വെങ്കലം -106 മെഡലുകൾ
2026- 4-ാമതെത്തി- 21 സ്വർണം,27വെള്ളി,37 വെങ്കലം-85 മെഡലുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |