ഇന്ത്യ- ഉറുഗ്വേ അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരം നാളെ കൊൽക്കത്തയിൽ
ചരിത്രത്തിലാദ്യമായി ബ്രസീലിനെതിരെ പന്തുതട്ടിയ ആവേശത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം അടുത്ത വമ്പൻ പോരാട്ടത്തിന് തയ്യാറെടുക്കുന്നു. ബ്രസീലിനെതിരായ മത്സരം നടന്ന കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് യുവഭാരതി ക്രീഡാംഗണിൽതന്നെയാണ് നാളെ മറ്റൊരു മുൻ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേയ്ക്ക് എതിരായ മത്സരവും.
2010 ലോകകപ്പിലെ സൂപ്പർ താരവും ഇന്ത്യൻ ഫുട്ബാൾ ലീഗിൽ കളിച്ചതിന്റെ പരിചയവുമുള്ള ഡിയാഗോ ഫോർലാനാണ് ഉറുഗ്വെ കോച്ച്. പരിക്കിനെ തുടർന്ന് ക്യാപ്ടൻ ഫ്രെഡറിക്കോ വാൽവെർദേ ഇന്ത്യയിൽ എത്തിയിട്ടില്ല.
ബ്രസീലിനെതിരായ പരാജയം നാലുഗോളുകളിൽ ഒതുക്കിനിറുത്താനായതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് ഇന്ത്യ. ഇന്ത്യൻ ഫുട്ബാളിനെ സംബന്ധിച്ചിടത്തോളം മത്സരഫലത്തേക്കാൾ പ്രസക്തി സ്വന്തം മണ്ണിൽ ബ്രസീലിനെതിരെ കളിക്കാൻ കഴിഞ്ഞു എന്നതാണ്. വിനീഷ്യസ് ജൂനിയർ, എസ്റ്റീവോ, പെഡ്രോ,ഡാനിലോ, ആന്ദ്രേ സാന്റോസ്,ഗബ്രിയേൽ ബോണ്ടെംപോ , ലിനോ തുടങ്ങിയവരടങ്ങിയ ഏറ്റവും മികച്ച പ്ളേയിംഗ് ഇലവനെത്തന്നെയാണ് ബ്രസീൽ കോച്ച് ഇന്ത്യയ്ക്ക് എതിരെ വിന്യസിച്ചത്. ഈ ടീമിനെ നാലുഗോളുകളിൽ പിടിച്ചുകെട്ടി എന്നതുമാത്രമല്ല പലതവണ ബ്രസീൽ പ്രതിരോധത്തെ തുളച്ചുകയറാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. മുന്നേറ്റത്തിൽ മൻവീർ സിംഗ് നടത്തിയ പരിശ്രമങ്ങൾ ഇന്ത്യൻ ആരാധകർക്ക് ആവേശം പകർന്നിരുന്നു. മത്സരത്തിൽ സുന്ദരമായൊരു ഗോളിനുള്ള അവസരം മൻവീർ സൃഷ്ടിച്ചെങ്കിലും റയാൻ വില്യംസിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
അർജന്റീനയ്ക്ക് ഗംഭീര ജയം
ബ്യൂണസ് ഐറിസ്: ഇന്നലെ നടന്ന സൗഹൃദ ഫുട്ബാൾ മത്സരത്തിൽ അർജന്റീന 7-0ത്തിന് ബുർക്കിനോ ഫാസോയെ കീഴടക്കി. ലൗട്ടാരോ മാർട്ടിനസ്, പ്രെസ്റ്രിയാനി, നിക്കോ പാസ്, ജൂലിയൻ അൽവാരസ്, മസ്റ്രാൻസ്റ്റുവോണോ, ജൂലിയാനോ സിമിയാണി എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഒരു സെൽഫ് ഗോളും അവരുടെ അക്കൗണ്ടിൽ എത്തി.
ഇന്ത്യൻ സമയം ഏഴിന് പുലർച്ചെയാണ് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസിയുടെ അന്താരാഷ്ട്ര ജേഴ്സിയിലെ വിടവാങ്ങൽ മത്സരം. മത്സരത്തിനായി മെസി അർജന്റീനയിലെത്തി.
സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്റെ പ്രീസീസൺ ക്യാമ്പിൽ ചേർന്ന ഇരുവരും സഹതാരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിക്കഴിഞ്ഞു. 2026-27 സീസണിന്റെ അവസാനം വരെയാണ് ഇരുവർക്കും ക്ലബ്ബുമായി കരാറുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |