SignIn
Kerala Kaumudi Online
Monday, 05 October 2026 7.36 PM IST

'സ്വർണം നേടാൻ ഏറെ പണിപ്പെട്ടു; ഇപ്പോൾ   എനിക്ക് വലിയ ലക്ഷ്യങ്ങളൊന്നുമില്ല,​ സന്തോഷത്തോടെയാണ് മടങ്ങുന്നത്'

sanju-samson
സഞ്ജു സാംസൺ

നിസ്ഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണമെഡൽ നിലനിർത്തിയതിന് പിന്നാലെ ആഹ്‌ളാദം പങ്കുവച്ച് മലയാളിതാരം സഞ്ജു സാംസൺ. പാകിസ്ഥാനെതിരായ ഫൈനലിൽ 19 റൺസിന്റെ വിജയമാണ് ഇന്ത്യയ്ക്ക് സ്വർണം നേടികൊടുത്തത്. സ്വർണം നേടാൻ ടീം ഏറെ കഷ്ടപ്പെട്ടുവെന്നും മത്സരശേഷം സഞ്ജു പറഞ്ഞു. തുടർച്ചയായ രണ്ടാം തവണയായിരുന്നു ഇന്ത്യ സ്വർണമെഡൽ സ്വന്തമാക്കിയത്.


'ഒരുപാട് സന്തോഷമുണ്ട്. ഞങ്ങൾ രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്, എന്നാൽ രണ്ടിന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഫൈനൽ മത്സരം വളരെ കടുത്തതായിരുന്നു. എതിരാളികൾ മികച്ച രീതിയിൽ കളിച്ചു. സ്വർണം നേടാൻ ഞങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. അവസാനം വരെ ഫലം പ്രവചിക്കാൻ കഴിയാത്ത മത്സരമായിരുന്നു. ജയവും തോൽവിയും ഏത് ടീമിനും സംഭവിക്കാം. അവരും നന്നായി കളിക്കാനാണ് ഇവിടെ എത്തിയത്. വിക്കറ്റ് ബാറ്റിംഗിന് അനുകൂലമായിരുന്നു, ഏകദേശം 400 റൺസാണ് മത്സരത്തിൽ പിറന്നത്. മത്സരം ഇങ്ങനെ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഞങ്ങളുടെ ബൗളർമാർ വളരെ നന്നായി പന്തെറിഞ്ഞു.

നിലവിൽ എനിക്ക് വലിയ ലക്ഷ്യങ്ങളൊന്നുമില്ല. ഇതുവരെ എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ജപ്പാനിലേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. വളരെ നല്ല രാജ്യമാണ് ജപ്പാൻ. ഇവിടെയുള്ള ആളുകളും വളരെ നല്ലവരാണ്. ഇവിടത്തെ സംവിധാനങ്ങളും മികച്ചതാണ്. ഇവിടെ ഞങ്ങൾ ഒരുപാട് ആസ്വദിച്ചു. ജപ്പാനിൽ ക്രിക്കറ്റിന് നല്ല സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചുകൂടി സൗകര്യങ്ങളും ക്രിക്കറ്റ് പരിശീലനത്തിനുള്ള സംവിധാനങ്ങളും ഒരുക്കാനായാൽ ഇവിടെ ക്രിക്കറ്റിന് വളരാൻ കഴിയും.' സഞ്ജു കൂട്ടിച്ചേർത്തു.


കൊറോഗി സ്‌പോർട്സ് പാർക്കിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

20 പന്തിൽ നിന്ന് ഓപ്പണർ അഭിഷേക് ശർമ നേടിയ തകർപ്പൻ അർദ്ധസെഞ്ച്വറി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 28 പന്തിൽ 61 റൺസ് നേടിയാണ് അഭിഷേക് പുറത്തായത്. തുടർന്ന് തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യ 200 കടന്നു. 22 പന്തിൽ പുറത്താകാതെ 51 റൺസാണ് തിലക് നേടിയത്. ശിവം ദുബെ 14 പന്തിൽ നിന്നും 27 റൺസും നേടി. മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന് കാര്യമായ സംഭാവന നൽകാനായില്ല. നാലു പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത സഞ്ജു അഹമ്മദ് ദാനിയാലിന്റെ പന്തിൽ പുറത്താവുകയായിരുന്നു.

English Summary

India defeated Pakistan by 19 runs in the Asian Games men's cricket final, retaining their gold medal for the second consecutive time. Malayali player Sanju Samson expressed his happiness after the hard-fought victory, emphasizing the team's significant effort. He lauded the bowlers and shared positive impressions of Japan, noting its potential for cricket growth.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, ASIANGAMES, LATESTNEWS, INDIAVSPAKISTAN, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360