
ലണ്ടൻ: വനിതാ ട്വന്റി-20 ലോകകപ്പിൽ ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സെമി കാണുമോ എന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്നത്. സെമി ഫൈനൽ യോഗ്യത ലക്ഷ്യമിട്ട് കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യൻ വനിതകൾ ഇന്ന് കളത്തിലിറങ്ങുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലേറ്റ തോൽവിയാണ് നിലവിലെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ സെമി സാദ്ധ്യതകൾ സങ്കീർണമാക്കിയത്.
എട്ട് പോയിന്റും മികച്ച റൺറേറ്റുമുള്ള ഓസ്‌ട്രേലിയ ഇതിനകം സെമി ഫൈനൽ ഉറപ്പിച്ച് കഴിഞ്ഞു. ഗ്രൂപ്പിൽ നിന്നുള്ള രണ്ടാമത്തെ സെമി സ്‌പോട്ടിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നിലവിൽ കടുത്തമത്സരം. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് എട്ട് പോയിന്റാകും. നിലവിൽ ഇന്ത്യക്ക് +2.268 റൺറേറ്റും ദക്ഷിണാഫ്രിക്കയ്ക്ക് +0.734 റൺറേറ്റുമാണുള്ളത്. ഇന്ത്യ ഇന്ന് ജയിച്ചാൽ റൺറേറ്റ് ഇനിയും ഉയരും.
അതോടെ അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ പോലും റൺറേറ്റിൽ ഇന്ത്യയെ മറികടക്കുക അവർക്ക് പ്രയാസമാകും. ഇന്ത്യ നേരിട്ട് സെമിയിലെത്തുകയും ചെയ്യും. ഇനി ഓസീസിനോട് പരാജയപ്പെട്ടാൽ ഇന്ത്യയുടെ സെമിപ്രതീക്ഷകൾ മറ്റു ടീമുകളുടെ കാരുണ്യത്തിലാകും. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കണമെന്ന് ഇന്ത്യക്ക് പ്രാർത്ഥിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ മെച്ചപ്പെട്ട റൺറേറ്റുള്ള ടീം സെമിയിലേക്ക് യോഗ്യത നേടും.
അതേസമയം, ഓസ്‌ട്രേലിയക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ ആക്രമണോത്സുകമായി കളിക്കുമെന്ന് വൈസ് ക്യാപ്ടൻ സ്മൃതി മന്ദാന വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 'വലിയ മത്സരമാണ് നടക്കുന്നത്. ആക്രമണോത്സുക ശൈലിയിൽ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നാളത്തെ മത്സരത്തിൽ ടീം അത് പ്രാവർത്തികമാക്കുകയും ചെയ്യും. ഈ ടൂർണമെന്റിൽ ഞങ്ങളുടെ ബാറ്റിംഗ് നിരയെ പൂർണ ശേഷിയിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. എന്നാൽ കൃത്യമായ ലക്ഷ്യത്തോടെ ബാറ്റ് ചെയ്യാനാണ് ടീം മീറ്റിംഗുകളിൽ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. റൺസ് കണ്ടെത്താൻ ബാറ്റിംഗ് നിര ഒന്നടങ്കം കാത്തിരിക്കുകയാണ്.
ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി-20 പരമ്പരകളിൽ ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അത് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. വുമൺസ് പ്രീമിയർ ലീഗ് വന്നതോടെ കടുത്ത സമ്മർദ്ദമുള്ള മത്സരങ്ങൾ മുൻപത്തേതിനേക്കാൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇന്ത്യൻ താരങ്ങൾക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്,'- സ്മൃതി മന്ദാന കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |