SignIn
Kerala Kaumudi Online
Sunday, 28 June 2026 2.51 PM IST

'ആട്ടിറച്ചിയല്ല'; ബ്രിട്ടീഷുകാർ ഇന്ത്യക്ക് തന്ന ആ 'മട്ടൻ' പണിയുടെ കഥ!

mutton
Photo Credit: X

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് മട്ടൻ. ഇതിന്റെ സ്വാദും വ്യത്യസ്തമായ വിഭവങ്ങളും പരീക്ഷിക്കാത്തവരായി അധികമാരമുണ്ടാകില്ല. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ മട്ടൻ വിഭവങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇന്ത്യയിലെ ഏത് ഹോട്ടലിൽ കയറി മട്ടൻ ബിരിയാണിയോ മട്ടൻ കറിയോ ഓർഡർ ചെയ്താലും ലഭിക്കുന്നത് ആട്ടിറച്ചിയായിരിക്കും. കാരണം ഇന്ത്യയിൽ മട്ടൻ എന്നാൽ അത് ആട്ടിറച്ചിയാണ്.

എന്നാൽ വിദേശ രാജ്യങ്ങളിൽ ചെന്ന് മട്ടൻ എന്ന് പറഞ്ഞാൽ മുന്നിലെത്തുക ചെമ്മരിയാടിന്റെ ഇറച്ചിയാകും. യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പ്രായം ചെന്ന ചെമ്മരിയാടിന്റെ ഇറച്ചിയെയാണ് 'മട്ടൻ' എന്ന് വിളിക്കുന്നത്. ചെറിയ ചെമ്മരിയാടിന്റെ ഇറച്ചി 'ലാമ്പ്' എന്നും, സാധാരണ ആട്ടിറച്ചി 'ഗോട്ട് ' എന്നും അറിയപ്പെടുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യക്കാർ മാത്രം ആട്ടിറച്ചിയെ മട്ടൻ എന്ന് വിളിക്കുന്നതെന്ന് ചിന്തിച്ചുണ്ടോ? എന്നാൽ രസകരമെന്ന് പറയട്ടെ ഇതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.

'മോട്ടോൺ' (Moton) എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് മട്ടൻ എന്ന പേരുണ്ടായത്. ചെമ്മരിയാട് എന്നാണ് ഇതിന്റെ അർത്ഥം. എഡി 1066ൽ നോർമൻമാർ ഇംഗ്ലണ്ട് കീഴടക്കിയതോടെയാണ് ഫ്രഞ്ച് വാക്കുകൾ ഇംഗ്ലീഷ് ഭക്ഷണസംസ്‌കാരത്തിന്റെ ഭാഗമായി മാറിയത്. ഇംഗ്ലീഷിൽ മൃഗങ്ങളുടെ പേരും അവയുടെ ഇറച്ചിയുടെ പേരും വ്യത്യസ്തമാകാനുള്ള പ്രധാന കാരണവും ഇതാണ്. ഉദാഹരണമായി കന്നുകാലികളുടെ ഇറച്ചി ബീഫ് എന്നും, പന്നിയിറച്ചി പോർക്ക് എന്നും വിളിക്കാൻ തുടങ്ങിയതെല്ലാം ഈ സമയത്താണ്.

എന്നാൽ ഇന്ത്യൻ ഭക്ഷണസംസ്‌കാരത്തിൽ ആട്ടിറച്ചിയോടാണ് എപ്പോഴും പ്രിയം കൂടുതൽ. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഒരുപോലെ കഴിക്കുന്നതും, ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളർത്താൻ സാധിക്കുന്നതും ആടുകളെയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്താണ് ഇംഗ്ലീഷ് വാക്കുകൾ ഇന്ത്യൻ വിപണികളിലേക്കും അടുക്കളകളിലേക്കും കടന്നുവരുന്നത്. അക്കാലത്ത് ബ്രിട്ടീഷുകാർ ചെമ്മരിയാടിന്റെ ഇറച്ചിയ്ക്ക് ഉപയോഗിച്ചിരുന്ന 'മട്ടൻ' എന്ന വാക്ക് ഇന്ത്യക്കാർ തങ്ങൾക്ക് സുലഭമായി ലഭിച്ചിരുന്ന ആട്ടിറച്ചിക്ക് പകരമായി ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് കച്ചവടക്കാരും ഹോട്ടലുകളും ഇതേ പേര് പിന്തുടർന്നതോടെ ഇന്ത്യയിൽ 'മട്ടൻ' എന്നാൽ ആട്ടിറച്ചിയായി മാറുകയായിരുന്നു.

രാജ്യാന്തര പാചക ലോകത്ത് ആട്ടിറച്ചിയെ 'ഷെവോൺ' എന്നാണ് വിളിക്കുന്നത്. ഫ്രഞ്ച് വാക്കിൽ നിന്നാണ് ഈ പേരും ഉണ്ടായത്. എന്നാൽ സാധാരണ സംഭാഷണങ്ങളിൽ ഈ വാക്ക് ആരും ഉപയോഗിക്കാറില്ല. ചുരുക്കത്തിൽ പറ‌ഞ്ഞാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ മട്ടൻ ചെമ്മരിയാടിറച്ചി ആണെങ്കിലും ഇന്ത്യയിൽ അത് ആട്ടിറച്ചി തന്നെയാണ്. ഇത് ഒരു തെറ്റല്ല, മറിച്ച് നൂറ്റാണ്ടുകളായുള്ള നമ്മുടെ ചരിത്രവും കൊളോണിയൽ സ്വാധീനവും ഭക്ഷണശീലങ്ങളും അനുസരിച്ച് എങ്ങനെ വ്യത്യസ്തമായി പരിണമിച്ചു എന്നതിന്റെ മികച്ച ഉദാഹരണമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTTON, GOAT MEAT, FOOD, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360