മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ കിഡ് വൈഭവ് സൂര്യവംശിയെ തനിക്ക് അനായാസം പുറത്താക്കാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് താരത്തിന്റെ പ്രതികരണം.
'വൈഭവ് സൂര്യവംശിയുടെ വിക്കറ്റെടുക്കാൻ എനിക്ക് സാധിക്കും. മാത്യു ഹെയ്‌ഡനെ ഔട്ടാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ പിന്നെ വൈഭവിനെ എന്തുകൊണ്ട് കഴിയില്ല? ഇത്ര ചെറിയ പ്രായത്തിൽതന്നെ ഇങ്ങനെയൊരു ഫിയർലെസ് ടാലന്റിനെ സൃഷ്ടിച്ച വൈഭവിന്റെ കുടുംബത്തോട് ബഹുമാനമുണ്ട്.
15ാം വയസിൽതന്നെ തന്റെ പ്രതിഭ തെളിയിച്ചയാളാണ് സച്ചിൻ ടെൻഡുൽക്കർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ ആ പ്രായത്തിൽതന്നെ അദ്ദേഹം പൂർണമായും തയ്യാറായിരുന്നു. വൈഭവിനും സമാനമായ ഫിയർലെസ് മനോഭാവമാണുള്ളത്. അവനെ ഫാസ്റ്റ്‌ട്രാക്ക് ചെയ്യണം. യുവ ഫാസ്റ്റ് ബൗളർമാരുടെ കാര്യത്തിലും ഇക്കാര്യം പരിഗണിക്കണം. 16-17 വയസുള്ള ഒരു പേസർ നന്നായി പെർഫോം ചെയ്യുന്നുണ്ടെങ്കിൽ അയാൾ ടീമിലിടം നേടണം.
ക്രിക്കറ്റിലെ ഏറ്റവും വലിയ അംബാസഡർമാരിൽ ഒരാളാവാൻ വൈഭവിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ക്രിക്കറ്റും ഒളിംപിക്‌സിന്റെ ഭാഗമാവുകയാണ്. നമുക്ക് സ്വർണ മെഡൽ നേടിത്തരുന്നതിൽ നിർണായക പങ്കുവഹിക്കാൻ വൈഭവിന് കഴിയും. വൈഭവ് ഇതിൽ വിജയം കൈവരിച്ചാൽ ചൈന, ജർമനി പോലെയുള്ള രാജ്യങ്ങളിലുള്ളവർക്കും ക്രിക്കറ്റിലേയ്ക്കുവരാൻ വലിയ പ്രചോദനമാകും. സച്ചിൻ ടെൻഡുൽക്കർ, എം എസ് ധോണി, വിരാട് കൊഹ്ലി, രോഹിത് ശർമ തുടങ്ങിയ താരങ്ങൾ ക്രിക്കറ്റിനെ ഏറെ ഉയരങ്ങളിലെത്തിച്ചവരാണ്. ആ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതിഭ വൈഭവിനുണ്ട്'- ശ്രീശാന്ത് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |