SignIn
Kerala Kaumudi Online
Thursday, 02 July 2026 1.08 PM IST

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർക്കപ്പെട്ടു; പുനർനിർമ്മാണം ഉടൻ നടത്തണമെന്ന് ഇന്ത്യ

gurudwara
125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർക്കപ്പെട്ട നിലയിൽ

ലാഹോർ: പാകിസ്ഥാസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്‌തിരുന്ന 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ആരാധനാലയം തകർക്കപ്പെട്ടതിനുപിന്നാലെ പ്രതിഷേധം ശക്തമായി. പ്രാദേശിക വ്യവസായിയും ഭൂമാഫിയയും ചേർന്നാണ് ചരിത്രപ്രസിദ്ധമായ ഈ ആരാധനാലയം ഇടിച്ചുനിരത്തിയത്.

ലാഹോറിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് 'ഗുരുദ്വാര ശ്രീ ഗുരു സിംഹ് സഭ സാഹിബ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിഖ് ആരാധനാലയം സ്ഥിതിചെയ്‌തിരുന്നത്. സിഖ് മതവിശ്വാസികളുടെ സാംസ്‌കാരികവും മതപരവുമായ പുനരുജ്ജീവനത്തിന് കാരണമായ സിംഗ് സഭ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ ഗുരുദ്വാര.

ആരാധനാലയം തകർത്ത നടപടിയെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സിഖ് ആരാധനാലയങ്ങൾക്ക് നേരെയുള്ള ആസൂത്രിതമായ ആക്രമണമെന്നാണ് ഈ സംഭവത്തെ ഇന്ത്യ വിശേഷിപ്പിച്ചത്. ഗുരുദ്വാര പൊളിച്ചുമാറ്റാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് യാതൊരുവിധ അനുമതിയും വാങ്ങിയിരുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും തകർക്കപ്പെട്ട ആരാധനാലയം എത്രയും വേഗം പുനർനിർമ്മിച്ച് നൽകണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഗുരുദ്വാര തകർത്തതിെനെതിരെ പ്രാദേശിക സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് വിഷയത്തിൽ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഗുരുദ്വാര ഉടൻ പുനർനിർമ്മിച്ച് നൽകുമെന്നും പാകിസ്ഥാൻ സർക്കാർ ഉറപ്പുനൽകി. ഗുരുദ്വാര നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമമന്ത്രി രമേഷ് സിംഗ് അറോറ അധികാരികൾക്ക് നിർദേശം നൽകി.

അതേസമയം, ഗുരുദ്വാര പുനർനിർമ്മിക്കാനുള്ള തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് പ്രാദേശിക വ്യാപാരികൾ. കഴിഞ്ഞ 80 വർഷമായി കെട്ടിടം ഉപേക്ഷിക്കപ്പെട്ടതായിരുന്നെന്നും നിലവിൽ നിരവധി കുടുംബങ്ങൾ ഇതിന് ചുറ്റുമായി താമസിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഗുരുദ്വാര പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഇവരെ ഒഴിപ്പിക്കുകയാണെങ്കിൽ താമസസൗകര്യം ഉൾപ്പടെ അവർക്ക് ആവശ്യമായ കാര്യങ്ങൾ ഉറപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUDWARA, PAKISTAN, DEMOLISHED, SIKH PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360