SignIn
Kerala Kaumudi Online
Tuesday, 29 September 2026 11.50 PM IST

പാക് സൈനികർക്ക് നേരെ ബലൂച് വനിതാ സായുധ വിഭാഗത്തിന്റെ ആക്രമണം; ഒൻപത് മരണം, ദൃശ്യങ്ങൾ പുറത്ത്

baloch-rebels
ആക്രമണത്തിലെ ദൃശ്യങ്ങളിൽ നിന്ന്

ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈനികർക്ക് നേരെ ബലൂച് വനിതാ സായുധ വിഭാഗത്തിന്റെ ആക്രമണം.ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടുവെന്നും നിരവധി സൈനിക വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സംഘടന അവകാശപ്പെട്ടു. വനിതാ വിഭാഗം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബി.എൽ.എഫ്) പുറത്തുവിട്ടിട്ടുണ്ട്. 'കരിമ ആംഡ് അസോൾട്ട് ഡിവിഷൻ' (കെ.എ.എ.ഡി) എന്ന പേരിലുള്ള വനിതാ വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സെപ്തംബർ 22ന് തുർബത്തിൽ പാക് സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയെന്നാണ് ബി.എൽ.എഫിന്റെ വാദം. എന്നാൽ ഇത്തരം അവകാശവാദങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ആക്രമണത്തിൽ ബി.എൽ.എഫിന്റെ 'ഖുർബാൻ' വിഭാഗവും പങ്കെടുത്തതായി സംഘടനാ വക്താവ് മേജർ ഗ്വഹ്‌റാം ബലോച്ച് പറഞ്ഞു. സൈനികരുടെ പിടിയിലാകുന്നതിന് മുമ്പേ സംഘം രക്ഷപ്പെട്ടതായും ഇതിനിടെ ചകർ മുറാദ് എന്ന ദിലീപ് ജാൻ കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ഇതിനുപുറമെ കലാത്തിലെ മംഗ്ചർ മേഖലയിൽ കെ.എ.എ.ഡി അംഗങ്ങൾ വാഹനങ്ങൾ പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


ബലൂചിസ്ഥാനിലെ ദേര ബുഗ്‌തി മേഖലയിലെ ബെഹ് ലോട്ടിയിൽ മാരി എനർജീസ് ലിമിറ്റഡിന്റെ സ്ഥാപനത്തിന് നേരെയും മറ്റൊരു സായുധസംഘം ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. റോക്കറ്റുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് ബലൂച് റിപ്പബ്ലിക്കൻ ആർമിയുടെ അവകാശവാദം. മൂന്ന് കമ്പനി ജീവനക്കാർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും സംഘടന അറിയിച്ചു. ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സും വിവിധ മേഖലകളിൽ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. ഹാജി ഷഹർ മേഖലയിൽ പൊലീസ് സ്റ്റേഷൻ തകർത്തതായും എരി ഷഹറിൽ സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായും വിഘടനവാദ സംഘടനകൾ അവകാശപ്പെട്ടു.

ബലൂചിസ്ഥാനിൽ പാക് സുരക്ഷാസേനയ്ക്കും സർക്കാർ സ്ഥാപനങ്ങൾക്കും എതിരായ സായുധ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ. മേഖലയിലെ അക്രമസംഭവങ്ങളിൽ വലിയ തോതിൽ ആൾനാശവും അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടവും ഉണ്ടായതായി വിവിധ റിപ്പോർട്ടുകളുണ്ട്. ബലൂച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ പ്രമുഖ പ്രവർത്തകയായ കരിമ ബലൂചിന്റെ സ്മരണയ്ക്കായാണ് ബി.എൽ.എഫിന്റെ വനിതാ വിഭാഗത്തിന് 'കരിമ' എന്ന പേര് നൽകിയത്. ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ആസാദിന്റെ ആദ്യ വനിതാ ചെയർപേഴ്സണായിരുന്ന കരിമയെ 2020ൽ കാനഡയിലെ ടൊറന്റോയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

English Summary

The Balochistan Liberation Front (BLF) has released footage it claims shows its newly formed female unit, the Karima Armed Assault Division (KAAD), attacking a Pakistani military convoy in Turbat on September 22.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALOCH REBELS, ATTACK ON PAK ARMY, CONVOY, PAKISTAN, WORLDNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360