കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 900 കടന്നതായും 3360 പേർക്ക് പരിക്കേറ്റതായും ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമ്പതിനായിരത്തിലേറെ പേരെയാണ് കാണാതായത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസത്തിനുശേഷവും രക്ഷാപ്രവർത്തനത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പലരെയും ജീവനോടെയാണ് പുറത്തെടുക്കുന്നത്. അതിനാൽ കാണാതായ ഉറ്റവരെ ജീവനോടെ തിരികെ കിട്ടുമെന്ന പ്രത്യാശയിലാണ് വെനസ്വേലയിലെ ജനങ്ങൾ.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകരുടെ തിരച്ചിൽ ഇന്നും തുടരുകയാണ്. ഒരുനിമിഷം കൊണ്ട് ജനജീവിതം താറുമാറായ വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേലയുടെ വടക്കൻ തീരത്ത് 39 സെക്കൻഡ് വ്യത്യാസത്തിൽ 7.2 ഉം 7.5 ഉം തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങളാണ് ഉണ്ടായത്. കിടപ്പാടവും ബന്ധുക്കളും നഷ്ടപ്പെട്ട ജനങ്ങൾ പാർക്കുകളിലും പാർക്കിംഗ് സ്ഥലങ്ങളിലുമാണ് രാത്രികാലങ്ങളടക്കം ചെലവഴിക്കുന്നത്.
യൂറോപ്യൻ യൂണിയൻ 520 പേരെ വെനസ്വേലയിലെ രക്ഷപ്രവർത്തനങ്ങൾക്കായി അയച്ചിട്ടുണ്ട്. ഇന്ത്യ, ബ്രസീൽ, യുകെ, തുർക്കി, ചൈന എന്നീ രാജ്യങ്ങളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. യു.എസ് 150 മില്യൺ ഡോളർ സഹായമാണ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |