
ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമ സംഭവങ്ങളിൽ മുന്നിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമിയെ അയച്ചവർ ആരായാലും അവർക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു പറഞ്ഞു. സംഭവത്തെ കുറിച്ച് ഇസ്രയേൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാനുള്ള സഹ പൈലറ്റിന്റെ ശ്രമത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി. സമയം കടന്നുപോകുന്തോറും ചിത്രം കൂടുതൽ വ്യക്തമാകുകയാണ്. അക്രമി ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന് ഇരയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുമായി വിമാനം തകർക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യം. അയാളെ ആരെങ്കിലും അയച്ചതാണോ എന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്. അയാളെ അയച്ചവർ ആരായാലും അവർക്ക് വലിയ വില നൽകേണ്ടിവരും- നെതന്യാഹു പറഞ്ഞു.
מי ששלח את הטייס הזה ישלם מחיר כבד מאוד https://t.co/C4sDXRuR2r
— Benjamin Netanyahu - בנימין נתניהו (@netanyahu) October 2, 2026
ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് എഫ്ഇസെഡ് 1073 വിമാനത്തിലാണ് ആക്രമണം നടന്നത്. വിമാനത്തിൽ 174 പേരുണ്ടായിരുന്നു. ക്യാപ്ടൻ സ്മിത്ത് മച്ചാറിനെ സഹപൈലറ്റ് കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ വിമാനം 30 സെക്കൻഡിനുള്ളിൽ ഏകദേശം 14000 അടി താഴേക്ക് പതിച്ചു. പരിക്കേറ്റിട്ടും മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറക്കുകയും യാത്രക്കാരെയും ജീവനക്കാരെയും അകത്തേക്ക് പ്രവേശിപ്പിച്ച് അക്രമിയെ കീഴടക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ രണ്ട് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ച് സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |