ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ന്യൂഡൽഹിയിലെത്തി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങളിലും പുടിൻ ചർച്ച നടത്തും.
അതേസമയം, പുടിൻ ഇന്ത്യയിലെത്തിയതോടെ അദ്ദേഹത്തിന്റെ പ്രത്യേക പ്രസിഡൻഷ്യൽ വിമാനവും ശ്രദ്ധ നേടുകയാണ്. റഷ്യയുടെ അതീവ സുരക്ഷയുള്ള പ്രസിഡൻഷ്യൽ വിമാനമായ 'ഇല്യൂഷിൻ IL-96-300PU' ആണ് പുടിൻ സാധാരണയായി ഉപയോഗിക്കുന്നത്. 'ഫ്ലയിംഗ് ക്രെംലിൻ’ എന്നും ‘ഡൂംസ്‌ഡേ പ്ലെയിൻ’ എന്നും അറിയപ്പെടുന്ന ഈ വിമാനം നിരവധി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുടിന്റെ യാത്രയ്ക്കായി ഒരേപോലെയുള്ള രണ്ട് വിമാനങ്ങളാണ് ഒരേസമയം ഉപയോഗിക്കുന്നത്. ഇതിൽ ഏത് വിമാനത്തിലാണ് റഷ്യൻ പ്രസിഡന്റ് യാത്ര ചെയ്യുന്നതെന്ന് പുറത്തുനിന്നുള്ളവർക്ക് മനസിലാകാതിരിക്കാനാണ് ഇത്തരത്തിൽ രണ്ട് വിമാനങ്ങൾ ഉപയോഗിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിനായി റഷ്യ നേരത്തെയും ഈ രീതിയിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
റഷ്യൻ നിർമിത IL-96-300 വിമാനത്തിന്റെ പ്രത്യേകം പരിഷ്കരിച്ച പതിപ്പാണ് IL-96-300PU. ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത നാല് എൻജിൻ വിമാനമാണിത്. ഏകദേശം 11,000 കിലോമീറ്റർ വരെ ഒരേസമയം പറക്കാൻ വിമാനത്തിന് കഴിയും. രാജ്യത്ത് അടിയന്തര സാഹചര്യമുണ്ടായാൽ പ്രസിഡന്റിന് വിമാനത്തിനുള്ളിൽനിന്നുതന്നെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
സുരക്ഷിതമായ എൻക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങളിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും സൈനിക, രഹസ്യാന്വേഷണ, സർക്കാർ ശൃംഖലകളുമായി ബന്ധപ്പെടാൻ കഴിയും. ഏകദേശം 55.35 മീറ്റർ നീളവും 60.12 മീറ്റർ ചിറകുവിസ്താരവുമാണ് വിമാനത്തിനുള്ളത്. റഷ്യയുടെ പ്രസിഡൻഷ്യൽ യാത്രകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രണാണ് വിമാനം പ്രവർത്തിപ്പിക്കുന്നത്.
പുടിന്റെ വിമാനത്തിൽ റഡാർ ജാമിംഗ് സാങ്കേതികവിദ്യയും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഗ്രഹ ബന്ധത്തിനൊപ്പം സുരക്ഷിതമായ റേഡിയോ, ഡാറ്റാ ചാനലുകളും വിമാനത്തിലുണ്ട്. ഇതുവഴി നിർണായക ആശയവിനിമയം തടസമില്ലാതെ നടത്താൻ സാധിക്കും.
സുരക്ഷാ സംവിധാനങ്ങൾ മാത്രമല്ല, ആഡംബര സൗകര്യങ്ങളും ‘ഫ്ലയിംഗ് ക്രെംലിൻ’ വിമാനത്തിന്റെ പ്രത്യേകതയാണ്. പുടിനായി പ്രത്യേക പ്രസിഡൻഷ്യൽ സ്യൂട്ട്, കിടപ്പുമുറികൾ, ആഡംബര ബാത്ത്റൂമുകൾ, സ്വകാര്യ അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടങ്ങൾ എന്നിവ വിമാനത്തിലുണ്ട്. വലിയ കോൺഫറൻസ് റൂമും ബോർഡ്‌റൂം മാതൃകയിലുള്ള ഇരിപ്പിടങ്ങളും വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.
സ്വർണം പൂശിയ ഫിറ്റിംഗുകൾ, മികച്ച നിലവാരത്തിലുള്ള മരപ്പണികൾ, പ്രീമിയം ലെതർ സീറ്റുകളും മറ്റ് ആഡംബര അലങ്കാരങ്ങളും വിമാനത്തിനുള്ളിലുണ്ട്. ഇന്ത്യയിലെത്തിയ പുടിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, റഷ്യൻ പ്രസിഡന്റിന്റെ ഈ അത്യാധുനിക വിമാനവും അതിലെ സുരക്ഷാ സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Russian President Vladimir Putin arrived in New Delhi for a three-day visit, attending the BRICS summit and meeting PM Modi for bilateral talks. His highly secure 'Ilyushin IL-96-300PU' presidential plane, known as 'Flying Kremlin' or 'Doomsday Plane', is garnering attention for its advanced defense systems, encrypted communication, and luxury amenities, highlighting its unique features and capabilities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |