SignIn
Kerala Kaumudi Online
Saturday, 16 May 2026 1.44 AM IST

'പാകിസ്ഥാനെ വിശ്വസിക്കാനാവില്ല'; 'പണി' കൊടുത്തത് യുഎസിന്; ഇറാൻ വിമാനം ഒളിപ്പിച്ച ചിത്രങ്ങൾ പുറത്ത്

pakistan

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാൻ വ്യോമസേനയുടെ മിലിറ്ററി എയർക്രാഫ്റ്റ് പാകിസ്ഥാൻ ഒളിപ്പിച്ചെന്ന യുഎസ് ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ പുറത്ത്. വിമാനം പാകിസ്ഥാന്റെ വ്യോമതാവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. അമേരിക്കൻ കമ്പനിയായ വാന്റർ ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും യുഎസും തമ്മിലുള്ള ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ഇങ്ങനെ ഒരു നടപടിയുണ്ടായിരിക്കുന്നത്.

ഏപ്രിൽ 25ന് പകർത്തിയ സാറ്റ്‌ലൈറ്റ് ചിത്രത്തിലാണ് ഇറാൻ എയർഫോഴ്സിന്റെ സി-130 എയർക്രാഫ്റ്റ് പാകിസ്ഥാനിലെ നുർ ഖാൻ എയർബേസിൽ പാർക്ക് ചെയ്തത് വ്യക്തമാക്കുന്നത്. ഇസ്ലാമാബാദ് -റാവൽപിണ്ടി മെട്രോപോളിറ്റൻ മേഖലയ്ക്ക് സമീപം ചക്ലാലയിലാണ് ഈ വ്യേമതാവളം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമാബാദിൽ നിന്നും വെറും പത്ത് കിലോ മീറ്റർ ദൂരമാണ് ഈ വ്യോമതാവളത്തിലേക്കുള്ളത്.

ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിലേക്ക് രഹസ്യാന്വേഷണ വിമാനങ്ങൾ ഉൾപ്പെടെ അയച്ചിരുന്നു എന്ന സിബിഎസ് ന്യൂസിന്റെ റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നതാണ് പുതിയ ചിത്രം. സിബിഎസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം രംഗത്തെത്തി. പാകിസ്ഥാനെ വിശ്വസിക്കാനാവില്ലെന്ന് ലിൻഡ്‌സെ ഗ്രഹാം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോടും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നിനോടും പറഞ്ഞു.

'ഇറാന്റെ സൈനിക സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പാക് ശ്രമം. അവർ ഇറാൻ വ്യേമസേനയുടെ വിമാനം പാക് താവളങ്ങളിൽ ഒളിപ്പിച്ചിട്ടണ്ടെങ്കിൽ മദ്ധ്യസ്ഥത വഹിക്കാൻ നമ്മൾ മറ്റാരെയങ്കിലും കണ്ടത്തേണ്ടതുണ്ട്. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ എങ്ങുമെത്താത്തതിൽ അതിശയിക്കാനില്ല'- ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു.

എന്നാൽ സിബിഎസ് റിപ്പോർട്ടിനെ തള്ളി പാകിസ്ഥാനും രംഗത്തെത്തി. ഈ വാർത്താ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പാകിസ്ഥാൻ പ്രസ്താവിച്ചത്. പ്രാദേശിക സ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കെട്ടിച്ചമച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നതെന്നും പാകിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, PAKISTAN, USA, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360