കീവ്: റഷ്യയ്ക്കെതിരായ യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ (പോണോഗ്രഫി) നിർമാണവും വിതരണവും നിയമവിധേയമാക്കാൻ യുക്രെയ്ൻ ചിന്തിക്കുന്നതായി റിപ്പോർട്ട്. ദി വാൾ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അഡൾട്ട് എന്റർടെയ്ൻമെന്റ് വ്യവസായത്തെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കിയാൽ നികുതി വരുമാനം 25 മില്യൺ ഡോളർ വരെ അധികം നേടാൻ കഴിയുമെന്ന് യുക്രെയ്ൻ പാർലമെന്റംഗം യാരോസ്ലാവ് ഷെലെസ്നിയാക് കൊണ്ടുവന്ന ബില്ലിൽ പറയുന്നതായാണ് വിവരം.
ഈ പണം കൊണ്ട് 30,000 സൈനിക ഡ്രോണുകൾ വാങ്ങാമെന്നും പാർലമെന്റിന്റെ ധനകാര്യ സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ യാരോസ്ലാവ് ഷെലെസ്നിയാക് പറയുന്നു. നിലവിൽ അശ്ലീല ഉള്ളടക്കങ്ങൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും യുക്രെയിനിൽ നിയമവിരുദ്ധമാണ്. ഇതിന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. എന്നാൽ ചില പൊലീസുകാരുടെ ഒത്താശയോടെ അശ്ലീല ചിത്രങ്ങളുടെ നിർമാണം യുക്രെയിനിൽ നടക്കുന്നുണ്ട്.
അഡൾട്ട് കണ്ടന്റ് ക്രിയേറ്റർമാരിൽനിന്ന് നികുതി പിരിക്കാനുള്ള നടപടികൾ അടുത്തിടെ യുക്രെയ്ൻ ആരംഭിച്ചിരുന്നു. എന്നാൽ അശ്ലീല ഉള്ളടക്ക വിരുദ്ധ നിയമങ്ങൾക്ക് കീഴിൽ കുറ്റകരമായ പ്രവൃത്തികൾ പുറത്തുവരുമെന്നതിനാൽ പലരും വരുമാനം വെളിപ്പെടുത്താൻ തയാറായിരുന്നില്ല.
അശ്ലീല ഉള്ളടക്ക നിർമാണം മറച്ചുവയ്ക്കാൻ മൂന്ന് പ്രദേശത്തെ ഉദ്യോഗസ്ഥർ 20,000 ഡോളറിനടുത്ത് കൈക്കൂലി വാങ്ങിയതായി യുക്രെയ്ൻ ജനറൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അടുത്തിടെ കണ്ടെത്തിയിരുന്നതായി ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫീനിക്സ് ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം 2023ൽ യുക്രെയ്നിൽ നിന്നുള്ള ഏകദേശം 7,900 പേർ ഒൺലിഫാൻസ് വഴി 131 മില്യൺ ഡോളറിലേറെ സമ്പാദിച്ചു. ഇത്തരത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നികുതി ഈടാക്കാൻ ശ്രമിക്കുമ്പോൾ അവിടെ പുതിയ പ്രശ്നം ഉടലെടുക്കുന്നു.
ഇത്തരത്തിൽ നികുതി കൊടുക്കുന്ന ചിലർക്കെതിരെ അശ്ലീല ഉള്ളടക്ക നിർമാണത്തിന് കേസുകൾ വരാം. ഇത് വരുമാനം വെളിപ്പെടുത്തുന്നതിൽ നിന്ന് അവരെ തടയുന്നു. അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും വിതരണവും നിയമവിധേയമായാൽ പിന്നെ ഈ പ്രശ്നം ഉണ്ടാകില്ലെന്നാണ് യാരോസ്ലാവ് ഷെലെസ്നിയാക് പറയുന്നത്. ബിൽ ഇപ്പോൾ പാർലമെന്റിന്റെ പരിഗണയിലാണെന്നാണ് വിവരം.
Ukraine is reportedly considering legalising the production and distribution of adult content to generate additional tax revenue amid its war with Russia. A bill proposed by Ukrainian lawmaker Yaroslav Zhelezniak could reportedly raise up to $25 million in additional taxes, which could help fund the purchase of military drones. The bill is currently under consideration in parliament.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |