ന്യൂയോർക്ക്: പുതിയ ലോക ഭൂപടത്തിനായി വോട്ട് ചെയ്ത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ളി. ഭൂഖണ്ഡങ്ങളുടെ വലിപ്പം കൂടുതൽ കൃത്യമായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. പുതിയ ലോക ഭൂപടത്തിൽ ആഫ്രിക്കയ്ക്ക് കൂടുതൽ വലിപ്പം അടയാളപ്പെടുത്തിയിരിക്കുന്നു. നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവയുടെ വലിപ്പം കുറയുകയും ചെയ്യുന്നു.
'ഈക്വൽ എർത്ത് കാർട്ടോഗ്രാഫിക് പ്രൊജക്ഷൻ' എന്നറിയപ്പെടുന്ന പുതിയ ഭൂപടം ലോകത്തിന്റെ കാർട്ടോഗ്രാഫിക് പ്രാതിനിധ്യത്തിന്റെ കൃത്യത മെച്ചപ്പെടുത്തുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. പ്രമേയത്തെ 164 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ അമേരിക്ക എതിർത്തു. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
1569ൽ ഫ്ലെമിഷ് ഭൂപട നിർമ്മാതാവായ ജെറാർഡസ് മെർക്കേറ്റർ സമുദ്ര നാവിഗേഷനായി രൂപകൽപ്പന ചെയ്ത പരമ്പരാഗത 'മെർക്കേറ്റർ പ്രൊജക്ഷൻ' മാപ്പാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. ഇതിനുപകരം പുതിയ ഭൂപടം ഉപയോഗിക്കണമെന്ന് അംഗരാജ്യങ്ങളോട് ഐക്യരാഷ്‌ട്ര സഭ അഭ്യർത്ഥിച്ചു.
അതേസമയം, പുതിയ മാപ്പിനെ അമേരിക്ക ശക്തമായി വിമർശിച്ചു. ഇത്തരം നീക്കങ്ങളാണ് ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാൻ കാരണം. യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പതിനാറാം നൂറ്റാണ്ടിലെ ഭൂപട പദ്ധതികളെക്കുറിച്ചും നഷ്ടപരിഹാരവും വൈജ്ഞാനിക നീതിയും പ്രോത്സാഹിപ്പിക്കുന്നതിൽ ഭൂപടത്തിന്റെ പങ്കിനെക്കുറിച്ചുമാണ് ഈ സംഘടന ചർച്ച ചെയ്യുന്നതെന്ന് വോട്ടെടുപ്പിന് മുമ്പ് യുഎസ് പ്രതിനിധി യാരിന ഫെറൻസെവിച്ച് വിമർശിച്ചു.
ഭൂഭാഗങ്ങളുടെ ആകൃതികളുടെയും കോണുകളുടെയും കൃത്യമായ ചിത്രീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മെർക്കേറ്റർ പ്രൊജക്ഷൻ രൂപകൽപ്പന ചെയ്തത്. എന്നാൽ ഭൂഖണ്ഡങ്ങളുടെ ആപേക്ഷിക വലുപ്പം പലപ്പോഴും കൃത്യതയില്ലാത്തതായിരുന്നു. വടക്കൻ പ്രദേശങ്ങളെ വലുതാക്കിയും ഭൂമദ്ധ്യരേഖാ പ്രദേശങ്ങളെ ചുരുക്കിയും യൂറോപ്പിനെയും വടക്കേ അമേരിക്കയെയും വളരെ വലുതായി കാണിക്കുകയും ആഫ്രിക്കയെയും തെക്കേ അമേരിക്കയെയും ചുരുക്കുകയും ചെയ്തിരുന്നു. 2018ലാണ് ഈക്വൽ എർത്ത് പ്രൊജക്ഷൻ ഭൂപടത്തിന്റെ രൂപകൽപ്പന ആരംഭിച്ചത്. ഇതിൽ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, ഓഷ്യാനിയ എന്നിവയെ വളരെ വലുതായി കാണിക്കുന്നു.
The UN General Assembly voted to adopt a new world map, the Equal Earth projection, which represents continents’ relative sizes more accurately. Supported by 164 countries, the map shows Africa larger and Europe and North America smaller. The US opposed the move, criticizing the UN for focusing on maps instead of real-world issues.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |