കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സുരക്ഷാ ഏജൻസിയായ എസ്‌ബിയുവിന്റെ ആസ്ഥാനത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി കീവ് മേയർ വിതാലി ക്ലിച്ച്‌കോ അറിയിച്ചു. വെള്ളിയാഴ്ചയാണ് നഗരമദ്ധ്യത്തിലുള്ള എസ്.ബി.യു ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മുൻവശത്തെ രണ്ട് ജനലുകളിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റഷ്യൻ ഡ്രോൺ കീവിലെ വൊളോദിമിർസ്‌ക സ്ട്രീറ്റിലുള്ള എസ്.ബി.യുവിന്റെ കേന്ദ്ര ആസ്ഥാനത്താണ് പതിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി പറഞ്ഞു. സെന്റ് സോഫിയ കത്തീഡ്രലിന് എതിർവശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. എസ്.ബി.യു മേധാവി ഒലെക്‌സാണ്ടർ പൊക്ലാഡുമായി ആക്രമണത്തിന് പിന്നാലെ സംസാരിച്ചതായും സെലെൻസ്‌കി വ്യക്തമാക്കി. എസ്‌ബിയു മേധാവിയുടെ ഓഫീസായിരുന്നു ഡ്രോൺ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
ആക്രമണത്തിന് തിരിച്ചടി നൽകാൻ എസ്‌ബിയു മേധാവിക്ക് നിർദേശം നൽകിയതായി സെലെൻസ്‌കി പറഞ്ഞു. അടുത്തിടെയായി യുക്രെയ്നിൽ റഷ്യ പകൽസമയങ്ങളിൽ ഡ്രോൺ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ ബുദ്ധിമുട്ടുള്ള ജെറ്റ് എൻജിൻ ഘടിപ്പിച്ച ഡ്രോണുകളും ആക്രമണങ്ങളിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, കീവിലെ ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഏത് തരത്തിലുള്ളതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
A Russian drone struck the headquarters of Ukraine’s SBU security service in central Kyiv, injuring at least five people, according to Kyiv Mayor Vitali Klitschko. Ukrainian President Volodymyr Zelensky said the drone specifically targeted the SBU chief’s office and ordered a retaliatory response.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |