
വാഷിംഗ്ടൺ: 20ന് മുമ്പ് ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ സ്ഥിതിഗതികൾ വഷളാകുമെന്ന മുന്നറിയിപ്പുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളെ ദുർബലപ്പെടുത്തില്ല. എന്നാൽ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത് ഹമാസിനും ആർക്കും നല്ലതല്ല. കൂടുതലൊന്നും താൻ വ്യക്തമാക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇതോടെ ഗാസയിൽ യു.എസിന്റെ സൈനിക ഇടപടെൽ ഉണ്ടാകുമോ എന്ന അഭ്യൂഹം ഉടലെടുത്തു. ജനുവരി 20നാണ് യു.എസിന്റെ 47 -ാം പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നത്. നിലവിൽ യു.എസ്, ഖത്തർ, ഈജിപ്റ്റ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ ബന്ദീ മോചന - വെടിനിറുത്തൽ ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചകൾ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യു.എസ് ഉദ്യോഗസ്ഥർ. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുകയും ഗാസയിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കുകയും ചെയ്താൽ ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിന്റെ നിലപാട്. ഹമാസിനെ തകർക്കാതെയും ബന്ദികളെ വിട്ടുകിട്ടാതെയും യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേലിന്റെ പക്ഷം. അതേ സമയം, 24 മണിക്കൂറിനിടെ 51 പേരാണ് ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ആകെ മരണം 45,930 കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |