
വാഷിംഗ്ടൺ: ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന നാസ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്രയിൽ വീണ്ടും അനിശ്ചിതത്വം. നാല് സഞ്ചാരികളുമായി നാസയുടെ സ്‌പേസ് എക്‌സ് ക്രൂ - 10 മിഷൻ പേടകം നിലയത്തിൽ എത്തിയ ശേഷമേ ഇരുവർക്കും തിരിക്കാനാകൂ. ഇന്ത്യൻ സമയം, ഇന്നലെ രാവിലെ 5.18ന് ഫ്ലോറിഡയിൽ നിന്ന് ഫാൽക്കൺ റോക്കറ്റിൽ ക്രൂ - 10 വിക്ഷേപിക്കേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം വിക്ഷേപണം നടന്നില്ല. ഇന്ത്യൻ സമയം, നാളെ പുലർച്ചെ 4.33ന് വീണ്ടും വിക്ഷേപണ ശ്രമം നടത്തും. വിജയിച്ചാൽ സുനിതയ്ക്കും വിൽമോറിനും 19ന് മടങ്ങാനായേക്കും. ക്രൂ - 10ലെ 4 സഞ്ചാരികൾക്കുവേണ്ട പരിശീലനവും നിർദ്ദേശങ്ങളും നൽകാനുള്ളതിനാലാണ് സുനിതയും വിൽമോറും നിലയത്തിൽ തുടരുന്നത്.
അതേസമയം, സെപ്തംബറിൽ നിലയത്തിൽ എത്തിച്ച സ്‌പേസ് എക്‌സ് ക്രൂ - 9 മിഷൻ പേടകത്തിലാണ് ഇരുവരും ഭൂമിയിലേക്ക് തിരിക്കുക. നാസ സഞ്ചാരി നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും ഒപ്പമുണ്ടാകും. 8 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണിൽ ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും വിൽമോറും നിലയത്തിൽ എത്തിയത്. സ്റ്റാർലൈനറിലെ ഹീലിയം ചോർച്ച മൂലം ഇരുവരും നിലയത്തിൽ കുടുങ്ങുകയായിരുന്നു.
# ഭൂമിയിലും വെല്ലുവിളികൾ
ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞവർ ഭൂമിയിലെത്തുമ്പോൾ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ആഴ്ചകൾ വേണ്ടിവരാം
കാലുകൾ കുഞ്ഞുങ്ങളുടേത് പോലെ മൃദുവാകും. തലകറക്കവും ഓക്കാനവും ഉണ്ടാകും
പനി അടക്കം ശാരീരിക ബുദ്ധിമുട്ടുകൾക്ക് സാദ്ധ്യത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |