SignIn
Kerala Kaumudi Online
Thursday, 22 October 2026 10.49 AM IST

ചൈനയുടെ കൂറ്റൻ വിമാനവാഹിനി കപ്പൽ: ഫുജിയാൻ സേനയുടെ ഭാഗമായി

pic

ബീജിംഗ് : പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പലായ ' ഫുജിയാനെ' സേനയുടെ ഭാഗമാക്കി ചൈന. ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ നേതൃത്വത്തിലാണ് കപ്പൽ കമ്മിഷൻ ചെയ്തത്. ചൈനയുടെ മൂന്നാമത്തേതും പൂർണമായി തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിക്കപ്പെടുന്ന ആദ്യത്തേതുമായ വിമാനവാഹിനി കപ്പലാണ് ഫുജിയാൻ. തെക്ക് - കിഴക്കൻ തീരദേശ പ്രവിശ്യയായ ഫുജിയാനിൽ നിന്നാണ് വിമാനവാഹിനിയ്ക്കും പേര് നൽകിയിരിക്കുന്നത്. 80,000 ടണ്ണിലേറെയാണ് ഫുജിയാന്റെ ഭാരം. യുദ്ധ വിമാനങ്ങൾക്ക് വേഗത്തിൽ പറന്നുയരാൻ സഹായിക്കുന്ന സാങ്കേതികവിദ്യയിലാണ് ഫുജിയാന്റെ നിർമ്മാണം. 2018ലാണ് ഫുജിയാന്റെ നിർമ്മാണം ആരംഭിച്ചത്. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫുജിയാനിലൂടെ ഇൻഡോ പസഫിക് മേഖലയിൽ തങ്ങളുടെ നാവികസേനയെ ശക്തിപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. നിലവിൽ ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പലുകൾ സർവീസിലുള്ളത് യു.എസിനാണ്. 11 എണ്ണം. ഇതിന് തൊട്ടുപിന്നിൽ 3 എണ്ണവുമായി രണ്ടാം സ്ഥാനത്താണ് ചൈന. ലിയോണിംഗ് ആണ് ചൈനയുടെ ആദ്യ വിമാനവാഹിനി കപ്പൽ. 2012ലാണ് സോവിയ​റ്റ് നിർമ്മിത ലിയോണിംഗിനെ ചൈന കമ്മിഷൻ ചെയ്തത്. 2019ൽ കമ്മിഷൻ ചെയ്ത ഷാൻഡോംഗാണ് ചൈനയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പൽ. നിർമ്മിച്ചത് ചൈനയിലാണെങ്കിലും സോവിയറ്റ് സാങ്കേതികവിദ്യയിലാണ് ഷാൻഡോംഗിന്റെ പ്രവർത്തനം. 2022ലാണ് ഷാങ്ങ്ഹായിയിലെ ജിയാംഗ്‌നാൻ ഷിപ്യാർഡിൽ നിന്ന് ഫൂജിയനെ ആദ്യമായി നീറ്റിലിറക്കിയത്. നാലാമത്തെ വിമാനവാഹിനിയുടെ നിർമ്മാണവും ചൈനയിൽ നടക്കുന്നുണ്ട്. ഇത് ആണവ ശക്തിയിൽ പ്രവർത്തിക്കുന്നതാണോ എന്ന അഭ്യൂഹമുണ്ട്. സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ഭരണകൂടം വിമാനവാഹിനി കപ്പലുകളടക്കമുള്ളവയുടെ നിർമ്മാണം വേഗത്തിലാക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360