SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ഹോർമുസ് തുറക്കും: ട്രംപ്

pic

 ഏതുമാർഗ്ഗത്തിലൂടെയാണെങ്കിലും ഹോർമുസ് കടലിടുക്ക് തങ്ങൾ ഉടൻ തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ ഹോർമുസിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു

 സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിലുള്ള യു.എസിന്റെ അഞ്ച് സൈനിക വിമാനങ്ങൾ ഇറാൻ തകർത്തെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ട്രംപ് തള്ളി. അടുത്തിടെ ബേസിന് നേരെ ആക്രമണം ഉണ്ടായെന്നത് ശരിയാണെന്നും എന്നാൽ വിമാനങ്ങൾ തകർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വിമാനങ്ങൾ സജീവമാണെന്നും ഒരു വിമാനത്തിന് ചെറിയ കേടുപാട് സംഭവിച്ചെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു

 ഇറാക്കിലെ ബാഗ്ദാദിൽ യു.എസ് എംബസി പരിസരത്തെ ഹെലിപാഡിൽ ഇറാന്റെ മിസൈൽ പതിച്ചു. ആളപായമില്ല. ഇസ്രയേൽ-യു.എസ് വ്യോമാക്രമണത്തിൽ മൂന്ന് ഇറാൻ അനുകൂല ഗ്രൂപ്പ് അംഗങ്ങൾ കൊല്ലപ്പെട്ടു

 ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനിടെ 12 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ലെബനനിലെ ആകെ മരണം 820 കടന്നു

 ഇറാനിൽ ഇതുവരെ തകർന്നത് 56 മ്യൂസിയങ്ങളും ചരിത്ര കേന്ദ്രങ്ങളും. 1,800ലേറെ പേർ ഇതുവരെ മരിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ഉടൻ ആക്രമിക്കുമെന്ന് റിപ്പോർട്ട്

 സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്,​ ഇസ്രയേൽ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയ ഇറാന്റെ ഡ്രോണുകളും മിസൈലുകളും തകർത്തു. തെക്കൻ ഇസ്രയേലിലെ ഏയ്ലറ്റിൽ വ്യോമാക്രമണത്തിനിടെ ഏതാനും പേർക്ക് പരിക്ക്

 യു.എ.ഇയ്ക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ ദൃശ്യം പകർത്തി പ്രചരിപ്പിച്ച വിവിധ രാജ്യങ്ങളിലെ പൗരന്മാരായ 45 പേർ അബുദാബിയിൽ അറസ്റ്റിൽ. വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്

# അയൽരാജ്യങ്ങളെ ആക്രമിക്കരുത്: ഇറാനോട് ഹമാസ്

അയൽ രാജ്യങ്ങളെ ആക്രമിക്കരുതെന്ന് ഇറാനോട് അഭ്യർത്ഥിച്ച് സഖ്യ കക്ഷിയായ ഹമാസ്. മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണം. അതേ സമയം, യു.എസ്-ഇസ്രയേൽ പ്രകോപനത്തോട് തിരിച്ചടിക്കാൻ ഇറാന് അവകാശമുണ്ടെന്നും ഹമാസ് പറഞ്ഞു.

# ഇറാൻ നേതാക്കൾക്ക് വിലയിട്ട് യു.എസ്

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി, ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി, ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനി തുടങ്ങിയ നേതാക്കളെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് ഒരു കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്. പത്ത് പേർക്കെതിരെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇറാൻ സായുധസേനയിലെ പ്രമുഖരായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വഴി ഇവർ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നെന്ന് യു.എസ് ആരോപിച്ചു. വിവരം നൽകുന്നവരെ സുരക്ഷിത ഇടത്തേക്ക് മാറ്റുമെന്നും യു.എസ് വാഗ്ദ്ധാനം ചെയ്യുന്നു.

# അഭ്യൂഹങ്ങൾ തള്ളി ഇസ്രയേൽ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ഇസ്രയേലി മാദ്ധ്യമങ്ങളും ഉദ്യോഗസ്ഥരും. നെതന്യാഹു ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും മറിച്ച്, അദ്ദേഹം രാജ്യംവിട്ടെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ഇറാൻ ആണെന്ന് ഇസ്രയേൽ പറയുന്നു. കഴിഞ്ഞ ദിവസം നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇതിന്റെ വീഡിയോയിൽ നെതന്യാഹുവിന്റെ കൈയിൽ ആറ് വിരലുകൾ ഉണ്ടെന്ന തരത്തിൽ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയുണ്ടായി. വീഡിയോയിലുള്ളത് നെതന്യാഹുവിന്റെ അപരനാണെന്ന തരത്തിൽ അഭ്യൂഹവും പടർന്നു. എന്നാൽ ഇത്തരം ചിത്രങ്ങൾ വ്യാജമാണെന്നും നെതന്യാഹുവിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ വീഡിയോകൾ പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും ഇസ്രയേൽ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360