SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

അസഭ്യ ഭാഷയിൽ മുന്നറിയിപ്പ്: വഴങ്ങാതെ ഇറാൻ, വാ വിട്ട് ട്രംപ്

pic
pic

 ഹോർമുസ് വിഷയത്തിൽ അയയാതെ ഇറാൻ
 ഗൾഫിലെ പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ ആക്രമണം

ടെഹ്റാൻ: ഇറാൻ മുട്ടുകുത്തുമെന്ന പ്രതീക്ഷ തെറ്റിയതോടെ പ്രസിഡൻഷ്യൽ മര്യാദകൾ വരെ മറന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളെ നടുക്കി ഇറാൻ ആക്രമണം തുടരുന്നതിനിടെ, വാവിട്ട പദപ്രയോഗങ്ങളിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. അസഭ്യ ഭാഷയിലാണ് ഇന്നലെ ഇറാന് മുന്നറിയിപ്പ് നൽകിയത്. നാളെ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും തകർത്തെറിയുമെന്ന് മോശം വാക്കുകളിൽ ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. മറിച്ചായാൽ ഇറാനെ ബോംബിട്ട് നരകമാക്കുമെന്നും പറ‌ഞ്ഞു.

സമാധാന കരാറിലെത്താനും ഹോർമുസ് തുറക്കാനും ഇറാന് അനുവദിച്ചിരുന്ന പത്ത് ദിവസത്തെ സമയ പരിധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് പരിധിവിട്ട് രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്. അതേസമയം, ഇറാൻ അയയുന്ന ലക്ഷണങ്ങളൊന്നും നിലവിലില്ല. സൈനിക നടപടി തീവ്രമായാൽ മേഖലയെ ഒട്ടാകെ നരകമാക്കുമെന്നാണ് ഇറാന്റെ വെല്ലുവിളി. ഖുസെസ്താനിൽ രണ്ട് പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ യു.എസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ അതിശക്തമായ വ്യോമാക്രമണങ്ങളാണ് ഇറാൻ ഇന്നലെ നടത്തിയത്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ കേന്ദ്രങ്ങളിൽ വ്യാപക ഡ്രോണാക്രമണവും തീപിടിത്തവുമുണ്ടായി. യു.എ.ഇയിലെ അബുദാബിയിലെ ബൊറൂഷ് പെട്രോകെമിക്കൽസ് പ്ലാന്റിലും ബഹ്റൈനിൽ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും ബാപ്കോ എനർജീസിന്റെയും കേന്ദ്രങ്ങളിലും തീപിടിത്തം നാശംവിതച്ചു. ആളപായമില്ല.

# യു.എസിനെ കാത്ത് 'സർപ്രൈസ് '

 മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് നീങ്ങുന്നതെന്നും ഒരു വലിയ സർപ്രൈസ് യു.എസിനെയും ഇസ്രയേലിനെയും കാത്തിരിക്കുന്നുണ്ടെന്നും ഇറാൻ

 യു.എ.ഇയിലെ ഖോർ ഫാക്കൻ തുറമുഖത്ത് ചരക്കുകപ്പലിന് സമീപം ആക്രമണം

 കുവൈറ്റിൽ രണ്ട് ഊർജ്ജോത്പാദന, ജലശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടു

 തെക്കൻ ഇസ്രയേലിലെ ബീർഷേബയിൽ ഫാക്ടറിക്ക് നേരെ മിസൈലാക്രമണം. 24 മണിക്കൂറിനിടെ ഇസ്രയേലിൽ പരിക്കേറ്റത് 108 പേർക്ക്

 ഹോർമുസ് വിഷയത്തിൽ ഇറാനുമായി ചർച്ച നടത്തി ഒമാൻ

 ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം രൂക്ഷം. മരണം 1,460 കടന്നു

# യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ എത്തിയില്ലെങ്കിൽ എല്ലാം ബോംബിട്ട് തകർക്കും. ഇറാന്റെ എണ്ണ പിടിച്ചെടുക്കും. ഇന്ന് ഒരു കരാറിലെത്താൻ സാദ്ധ്യതയുണ്ട്. ഇറാൻ ചർച്ചകൾ നടത്തുന്നുണ്ട്.

- ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ്, യു.എസ്

-------------------------------------------

# പൈലറ്റിനെ രക്ഷപ്പെടുത്താൻ കമാൻഡോകളെ ഇറക്കി യു.എസ് ഓപ്പറേഷൻ

ടെഹ്റാൻ: വെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഇറാനിൽ വെടിവച്ചിട്ട യു.എസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ സിനിമയെ വെല്ലുന്ന ആക്ഷനിലൂടെയാണ് അമേരിക്ക രക്ഷപ്പെടുത്തിയത്. പൈലറ്റിനെ ജീവനോടെ പിടിക്കുന്ന പ്രദേശവാസികൾക്ക് ഇറാൻ 60,000 ഡോളർ (ഏകദേശം 56,00,000 രൂപ)​ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് അമേരിക്ക അതിസാഹസിക ദൗത്യത്തിലൂടെ അവരുടെ മണ്ണിൽ കടന്നുകയറി രക്ഷപ്പെടുത്തിയത്.

പൈലറ്റ് ഒളിച്ചിരുന്ന പർവതപ്രദേശം ലൊക്കേറ്റ് ചെയ്തതോടെ കരയിലും കടലിലും ആകാശത്തും ആക്രമണം നടത്താൻ വിദഗ്ദ്ധരായ യു.എസ് സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. എച്ച്.എച്ച്- 60 ഡബ്ല്യു ജോളി ഗ്രീൻ 2 ഹെലികോപ്റ്ററുകളും എഫ്- 35 യുദ്ധവിമാനങ്ങളും എത്തി.

ഇസ്ഫഹാൻ പ്രവിശ്യയിലെ ഉപേക്ഷിക്കപ്പെട്ട എയർപോർട്ടാണ് യു.എസ് താത്കാലിക ബേസാക്കി ഉപയോഗിച്ചത്. മടങ്ങുന്നതിന് മുമ്പ് 2 എം.സി- 130ജെ വിമാനങ്ങൾ ഇവിടെ കുടുങ്ങി. വിമാനത്തിന്റെ സാങ്കേതികവിദ്യ ഇറാന്റെ കൈയിൽ പെടാതിരിക്കാൻ യു.എസ് സേന അവ തകർത്തു.

അതേസമയം, യു.എസ് ദൗത്യം പരാജയപ്പെട്ടെന്ന് ഇറാൻ വാദിച്ചു. യു.എസിന്റെ രണ്ട് സി - 130 വിമാനങ്ങളും, രണ്ട് ബ്ളാക്ക് ഹാക്ക് ഹെലികോപ്റ്ററുകളും ഒരു ഇസ്രയേലി ഡ്രോണും തകർത്തെന്നും 5 പേർ കൊല്ലപ്പെട്ടെന്നും അവകാശപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360