SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

വിധിയെ തോൽപ്പിച്ച ടെന്നീസ് കഥ !

pic

വാഷിംഗ്ടൺ: ലോകത്തുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ കപ്പൽ ദുരന്തമാണ് 1912 ഏപ്രിലിൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഉണ്ടായ ടൈറ്റാനിക് ദുരന്തം. 1600ഓളം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ പ്രമുഖനാണ് മുൻ അമേരിക്കൻ ടെന്നീസ് താരം റിച്ചാർഡ് നോറിസ് വില്യംസ്. ആർ.എം.എസ് ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് തകരുമ്പോൾ ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ കൂട്ടത്തിൽ റിച്ചാർഡും പിതാവും ഉണ്ടായിരുന്നു. റിച്ചാർഡിന് അന്ന് 21 വയസായിരുന്നു പ്രായം.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് പോകുന്നതിന് തൊട്ടുമുമ്പ് അമേരിക്കൻ ടെന്നീസ് ടൂർണമെന്റിൽ പങ്കെടുക്കാനാണ് റിച്ചാർഡ് യാത്ര പുറപ്പെട്ടത്. തകർന്ന ടൈറ്റാനിക്കിൽ നിന്നും റിച്ചാർഡും പിതാവും അറ്റ്‌ലാന്റിക് സമുദ്രത്തിലെ തണുത്തുറ‌ഞ്ഞ വെള്ളത്തിലേക്ക് പതിച്ചു. കപ്പൽ രണ്ടായി പിളരുന്നതിനിടെ പുകക്കുഴൽ പതിച്ച് റിച്ചാർഡിന്റെ പിതാവ് മരിച്ചു. തലനാരിഴയാണ് റിച്ചാർഡ് രക്ഷപ്പെട്ടത്. അരയ്ക്ക് താഴേക്ക് അറ്റ്‌ലാന്റിക്കിലെ കൊടും തണുപ്പിൽ മുങ്ങിക്കിടന്ന റിച്ചാർഡിനെ പിന്നീട് ലൈഫ് ബോട്ട് സംഘം രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ കാർപേത്യ കപ്പലിലേക്ക് റിച്ചാർഡിനെയും മറ്റും സുരക്ഷിതമായി എത്തിച്ചു.

തണുത്തുറഞ്ഞ് പോയ റിച്ചാർഡിന്റെ കാലുകൾ മുറിച്ചു മാറ്റണം എന്നായിരുന്നു ഡോക്‌ടറുടെ നിർദേശം. എന്നാൽ, റിച്ചാർഡ് അതിന് സമ്മതിച്ചില്ല. തന്റെ കാലുകൾക്ക് റിച്ചാർഡ് പ്രത്യേക വ്യായാമം നൽകാൻ തുടങ്ങി. ക്രമേണ കാലുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ റിച്ചാർഡിന് കഴിഞ്ഞു. വൻ ദുരന്തത്തെ അഭിമുഖീകരിച്ച ശേഷം ജീവിതം തിരിച്ചു പിടിച്ച റിച്ചാർഡ് 1912ൽ നടന്ന യു.എസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് ചാമ്പ്യനായി. 1914, 1916 വർഷങ്ങളിൽ യു.എസ് ഓപ്പൺ സിംഗിൾസ് ചാമ്പ്യനായ റിച്ചാർഡ് 1920ൽ വിംബിൾടൺ മെൻസ് ഡബിൾസ് കിരീടം സ്വന്തമാക്കി. 1916ൽ ലോക രണ്ടാം നമ്പർ സ്ഥാനത്തെത്തിയ റിച്ചാർഡ് 1924 പാരീസ് ഒളിമ്പിക്‌സിൽ മിക്‌സഡ് ഡബൾസിലും സ്വർണം നേടി. ഒന്നാം ലോകമഹായുദ്ധ കാലത്ത് യു.എസ് സൈന്യത്തിലും സേവനമനുഷ്‌ഠിച്ചിട്ടുള്ള റിച്ചാർഡ് 1968ൽ 77ാം വയസിലാണ് അന്തരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360