
ലണ്ടൻ: ഒരേ സമയം ബ്രിട്ടീഷ് നഗരങ്ങളുടെ മേയർമാരായ ഇന്ത്യൻ വംശജരായ അമ്മയും മകനും. അപൂർവ്വ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഹരിയാനയിലെ റോഹ്‌ത്തക്കിൽ നിന്ന് യു.കെയിലേക്ക് കുടിയേറിയ പർവീൺ റാണിയും മകൻ തുഷാർ കുമാറും.
2013ലാണ് ബിസിനസുകാരനായ ഭർത്താവ് സുനിൽ ദാഹിയയ്ക്കും രണ്ട് ആൺ മക്കൾക്കുമൊപ്പം പർവീൺ യു.കെയിലെത്തിയത്. തുഷാർ ഈമാസം 13ന് എൽസ്‌ട്രീ ആൻഡ് ബോറംവുഡ് ടൗൺ കൗൺസിലിന്റെയും പർവീൺ 20ന് ഹെർട്‌സ്‌മിയർ ബറോ കൗൺസിലിന്റെയും മേയർമാരായി ചുമതലയേറ്റു.
ഹെർട്‌സ്‌മിയർ ബറോ കൗൺസിലിന്റെ മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജയാണ് പർവീൺ. നേരത്തെ ഡെപ്യൂട്ടി മേയറായിരുന്നു. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയറാണ് 23കാരനായ തുഷാർ.
ലണ്ടൻ കിംഗ്സ് കോളേജിൽ പഠിക്കവെ 20 -ാം വയസിൽ തന്നെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട തുഷാർ പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. ലേബർ പാർട്ടി അംഗങ്ങളാണ് പർവീണും തുഷാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |