
കറാച്ചി: ജനകീയ പ്രക്ഷോഭം തുടരുന്ന പാക് അധീന കാശ്മീരിൽ 16 പേരെ കൂടി പാകിസ്ഥാനി സൈന്യം വെടിവച്ചുകൊന്നു. 37 പേർക്ക് പരിക്കേറ്റു. അവകാശ നിഷേധത്തിനെതിരെ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) നേതൃത്വത്തിൽ ഇന്നലെ റവാലാകോട്ടിലെ ഈദ് ഗാഹ് ഗ്രൗണ്ടിൽ ഒത്തുകൂടിയവർക്ക് നേരെയാണ് സൈന്യം നിറയൊഴിച്ചത്.
ഏകദേശം 70,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തെന്നാണ് വിവരം. അരിയടക്കം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പ്രകോപനങ്ങളൊന്നുമില്ലാതെ ആക്രമണം അഴിച്ചുവിട്ടെന്നാണ് ആരോപണം.
ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന വധിച്ച പ്രതിഷേധക്കാരുടെ എണ്ണം 50 ആയി. എന്നാൽ, നാല് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 15 പേർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ വാദം. സൈന്യം സാധാരണക്കാരെ കൊന്നൊടുക്കുന്നതിനെതിരെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ജെ.എ.എ.സി ആവശ്യപ്പെട്ടു. തലസ്ഥാനമായ മുസാഫറാബാദിലേക്ക് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വമ്പൻ റാലി നടത്താൻ ജെ.എ.എ.സി തീരുമാനിച്ചെങ്കിലും തടയുമെന്നാണ് സുരക്ഷാ സേനയുടെ മുന്നറിയിപ്പ്.
വ്യാപാരികൾ, ആക്ടിവിസ്റ്റുകൾ, അവകാശ ഗ്രൂപ്പുകൾ എന്നിവയുടെ കൂട്ടായ്മയായ ജെ.എ.എ.സിയെ ഭീകരവിരുദ്ധ നിയമ പ്രകാരം പാക് ഭരണകൂടം നിരോധിച്ചതോടെ കഴിഞ്ഞ ആഴ്ചയാണ് പ്രദേശത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. നിയമസഭയിൽ കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ റദ്ദാക്കുക, ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, സബ്സിഡികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധങ്ങൾ. സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ വഴങ്ങില്ലെന്ന് ജെ.എ.എ.സി നേതാക്കൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |