
വാഷിംഗ്ടൺ: ഭൂമിയ്ക്ക് പുറത്തെ ജീവന്റെ സാന്നിദ്ധ്യത്തെ പറ്റിയുള്ള അന്വേഷണത്തിന് വഴികാട്ടിയായേക്കാവുന്ന ഒരു ഗ്രഹമാണ് ടി.ഒ.ഐ - 1231 ബി (TOI - 1231b). ഭൂമി സൂര്യനെ ചുറ്റുന്നതിന് സമാനമായി ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് ടി.ഒ ഐ - 1231 ബി വലംവയ്ക്കുന്നത്. 24 ദിവസങ്ങൾ കൊണ്ടാണ് ടി.ഒ.ഐ - 1231 ബി മാതൃ നക്ഷത്രത്തിന് ചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നത്. ഭൂമിയിൽ നിന്ന് 90 പ്രകാശവർഷം അകലെയാണിത്. സൗരയൂഥത്തിന് പുറമേ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് താരതമ്യേന ഏറ്റവും തണുത്തതും വലിപ്പം കുറഞ്ഞതുമായ ഗ്രഹമാണ് ടി.ഒ.ഐ - 1231 ബി.
ടി.ഒ.ഐ - 1231 ബിയുടെ അന്തരീക്ഷത്തിൽ ഭൂമിയിലേത് പോലെ മേഘങ്ങളുണ്ടാകാമെന്നും ഒരു പക്ഷേ, അതിൽ ജലത്തിന്റെ സാന്നിദ്ധ്യമുണ്ടാകാമെന്നുമാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെയും യൂണിവേഴ്സിറ്റി ഒഫ് ന്യൂമെക്സിക്കോയിലെയും ഗവഷകർ പറയുന്നു. 2021ലാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.
ഏകദേശം ശരാശരി 57 ഡിഗ്രി താപനിലയുള്ള ടി.ഒ.ഐ - 1231 ബിയ്ക്ക് ഭൂമിയേക്കാൾ മൂന്നര ഇരട്ടി വലിപ്പം കൂടുതലാണ്. എന്നാൽ, നെപ്ട്യൂണിനേക്കാൾ വലിപ്പം കുറവാണ്. ഭ്രമണം ചെയ്യുന്ന നക്ഷത്രത്തോട് അടുത്ത് നിൽക്കുന്ന ടി.ഒ.ഐ - 1231 ബിയിൽ ഭൂമിയ്ക്ക് സമാനമായ അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യമുണ്ടായേക്കാം എന്നാണ് കരുതുന്നത്.
പക്ഷേ, നെപ്ട്യൂണിനെ പോലെ വാതക അന്തരീക്ഷമായിരിക്കാനാണ് കൂടുതൽ സാദ്ധ്യത എന്നാണ് വിലയിരുത്തൽ. ഇതേ പറ്റി കൂടുതൽ പഠനങ്ങൾ തുടരുകയാണ്. മനുഷ്യന് വാസയോഗ്യമല്ലാത്ത ഈ ഗ്രഹം സൗരയൂഥത്തിന് പുറത്തെ ഗ്രഹങ്ങളെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ കൈമാറുമെന്നാണ് പ്രതീക്ഷ.
ടി.ഒ.ഐ - 1231 ബിയിൽ ഭൂമിയിലേത് പോലുള്ള ജലമേഘങ്ങൾ കണ്ടെത്താനായാൽ അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രനേട്ടങ്ങളിൽ ഒന്നായി മാറുമെന്നാണ് ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |