SignIn
Kerala Kaumudi Online
Monday, 29 June 2026 10.42 AM IST

യു.എസുമായി വീണ്ടും ഏറ്റുമുട്ടൽ: നയതന്ത്ര ചർച്ചയിൽ 'വെടിവയ്ക്കാൻ' ഇറാൻ

pic

 കുവൈറ്റിനും ബഹ്റൈനിനും നേരെ ആക്രമണം

ടെഹ്റാൻ: തുടർച്ചയായ രണ്ടാം ദിനവും വെടിനിറുത്തൽ ലംഘിച്ച് യു.എസും ഇറാനും. ഇതോടെ യുദ്ധം അവസാനിപ്പിക്കാൻ യു.എസുമായി തുടരുന്ന നയതന്ത്ര ചർച്ചകൾ നിറുത്തുമെന്ന് ഇറാന്റെ ഭീഷണി. ഇതോടെ 18ന് നിലവിൽ വന്ന 60 ദിന വെടിനിറുത്തൽ ഉൾക്കൊള്ളുന്ന ഇടക്കാല സമാധാന കരാർ തകർച്ചയുടെ വക്കിൽ.

ഇന്നലെ പുലർച്ചെ യു.എസ് തെക്കൻ ഇറാനിൽ ഖേഷം ദ്വീപ്, സിരിക്, ബന്ദർ ലെൻഗെ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ ബോംബിട്ടു. ശനിയാഴ്ച ഹോർമുസ് കടലിടുക്കിൽ പനാമയുടെ എണ്ണ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതാണ് പ്രകോപനമായത്. പിന്നാലെ കുവൈറ്റിലെ അലി അൽ സലീം എയർ ബേസും ബഹ്റൈനിലെ യു.എസ് നാവിക ആസ്ഥാനവും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചു. കുവൈറ്റും ബഹ്റൈനും ആക്രമണം ചെറുത്തു. ആളപായമില്ല. എന്നാൽ ബഹ്റൈനിലെ മുഹറഖിൽ ഡ്രോൺ പതിച്ച് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി.


# ഹോർമുസിന്റെ പേരിൽ പോര്

 ഹോർമുസ് കടക്കുന്ന കപ്പലുകൾ ഒമാൻ തീരത്തെ തെക്കൻ പാതയിലൂടെ നീങ്ങണമെന്ന് യു.എസ് ആവശ്യപ്പെടുന്നു
 കപ്പലുകൾ അനുമതി വാങ്ങി തങ്ങളുടെ നിയന്ത്രണത്തിലെ വടക്കൻ പാതയിലൂടെ പോകണമെന്ന് ഇറാൻ
 ഇന്നലെ രാവിലെ ഫ്രഞ്ച് ചരക്കുക്കപ്പൽ 'ഗാലപ്പഗോസ് " ഇറാൻ പാതയിലൂടെ സുരക്ഷിതമായി കടന്നു
 72 മണിക്കൂറിനിടെ ഹോർമുസ് കടന്നത് ഇന്ത്യയിലേക്കുള്ള ഏഴ് കപ്പലുകൾ

# 'പാശ്ചാത്യ ശക്തികളെ പുറത്താക്കൂ"


പാശ്ചാത്യ ശക്തികളെ പുറത്താക്കി പ്രാദേശിക സുരക്ഷാ സംവിധാനം രൂപീകരിക്കാൻ ഗൾഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആഹ്വാനം ചെയ്തു.

# ഇസ്രയേലി സൈനികൻ

കൊല്ലപ്പെട്ടു


തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു. നബാത്തിയേയിലുണ്ടായ ഇസ്രയേൽ തിരിച്ചടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്രയേലും ലെബനീസ് സർക്കാരും യു.എസും ചേർന്ന് ത്രിരാഷ്ട്ര സമാധാന കരാറിന്റെ ചട്ടക്കൂടിൽ ഒപ്പിട്ടെങ്കിലും ഹിസ്ബുള്ള അത് തള്ളിയിരുന്നു.


# ഇറാൻ ഒരിക്കലും പഠിക്കില്ല. ഇങ്ങനെ പോയാൽ യു.എസ് സൈന്യം അവരുടെ ജോലി പൂർത്തിയാക്കും. ഇറാൻ പിന്നീട് കാണില്ല.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്


# ഗൾഫിലെ യു.എസ് ബേസുകൾ നരകതുല്യമാക്കും.
- ഇറാൻ റെവല്യൂഷണറി ഗാർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360