
മയാമി: പെരുമ്പാമ്പിനെ കൊണ്ടുവന്നാൽ പിസ ഫ്രീ ! യു.എസിലെ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് സിറ്റിയിലുള്ള ' വൈൽഡ്മാൻസ് പിസ, പാസ്ത ആൻഡ് പൈത്തൺ ' എന്ന റെസ്റ്റോറന്റിലെ പരസ്യമാണിത്. വിചിത്രമായി തോന്നാമെങ്കിലും സംഭവം ഉള്ളതാണ്. കഴിഞ്ഞ പത്തിന് തുടങ്ങിയ പത്ത് ദിവസം നീളുന്ന ' 2026 ഫ്ലോറിഡ പൈത്തൺ ചാലഞ്ചി"നെ പിന്തുണയ്ക്കാൻ റെസ്റ്റോറന്റ് കണ്ടെത്തിയ പ്രമോഷൻ ഐഡിയയാണിത്. വേട്ടക്കാർ ഭീമൻ ബർമീസ് പെരുമ്പാമ്പുകളെ പിടികൂടി കൊല്ലും. റെസ്റ്റോറന്റിലെത്തിച്ചാൽ പകരം 24 ഡോളർ വിലയുള്ള ഒന്നാന്തരം ഫ്രഷ് പിസ നൽകും. ! ചുരുക്കി പറഞ്ഞാൽ കറൻസിക്ക് പകരം പെരുമ്പാമ്പ്. ഏതായാലും പൈത്തൺ ചാലഞ്ച് അവസാനിക്കുന്നതിനാൽ ഇന്നുകൂടിയേ റെസ്റ്റോറന്റിൽ ഈ ഓഫറുള്ളൂ.
മ്യൂസിയത്തിന്റെ തീമിലുള്ള ഈ റെസ്റ്റോറന്റിൽ ഇനിയുമുണ്ട് കൗതുകങ്ങൾ. പെരുമ്പാമ്പുകളെക്കുറിച്ച് ആഴത്തിൽ മനസിലാക്കാനും അവയുടെ ത്വക്കും അസ്ഥികളും കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ വാങ്ങാനും ഇവിടെയെത്തിയാൽ മതി. പാമ്പുപിടിത്തക്കാരനായ ഡസ്റ്റി ക്രം ആണ് റെസ്‌റ്റോറന്റിന്റെ ഉടമ. പെരുമ്പാമ്പിന്റെ മാംസം വിൽക്കാനുള്ള ലൈസൻസ് ക്രമ്മിനില്ല. എന്നാൽ കസ്റ്റമേഴ്സ് ആവശ്യപ്പെട്ടാൽ പ്രത്യേകം തയ്യാറാക്കിയ മാംസം പിസ ടോപ്പിംഗ് ആയി സൗജന്യമായി നൽകും.
# പിടിച്ചാൽ 10,000 ഡോളർ
1970കളുടെ അവസാനം ഏഷ്യയിൽ നിന്ന് ഫ്ലോറിഡയിൽ വളർത്താനെത്തിച്ച ബർമീസ് പെരുമ്പാമ്പുകൾ പെരുകി ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി മാറി
മാൻ, കുറുക്കൻ, റാക്കൂൺ, പക്ഷികൾ തുടങ്ങിയവയെ ഇല്ലാതാക്കുന്ന ഇവയുടെ എണ്ണം കുറയ്ക്കാനാണ് പൈത്തൺ ചാലഞ്ച്
എല്ലാ വർഷവും ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ എവർഗ്ലേഡ്‌സ് നാഷണൽ പാർക്കിൽ ചാലഞ്ച് നടക്കും. കൂടുതൽ പെരുമ്പാമ്പുകളെ പിടികൂടുന്നയാൾക്ക് 10,000 ഡോളർ സമ്മാനം
പെരുമ്പാമ്പിനെ കൊല്ലുന്നത് ശാസ്ത്രീയമായി നിർദ്ദേശിച്ചിരിക്കുന്ന രീതിയിലാകണം. 2000 മുതൽ ഏകദേശം 23,500ത്തിലേറെ ബർമീസ് പെരുമ്പാമ്പുകളെ ഇത്തരത്തിൽ നീക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |