SignIn
Kerala Kaumudi Online
Friday, 28 August 2026 7.40 AM IST

ജാപ്പനീസ് കലാകാരി യായോയി കുസാമ അന്തരിച്ചു

d

ടോക്കിയോ: ലോകപ്രശസ്ത ജാപ്പനീസ് കലാകാരി യായോയി കുസാമ (97) അന്തരിച്ചു. ആഗസ്റ്റ് 14നാണ് മരണം സംഭവിച്ചതെന്ന് കുസാമയുടെ സ്റ്റുഡിയോ ഇന്നലെ അറിയിച്ചു. ടോക്കിയോയിലെ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. അവിവാഹിതയായിരുന്ന അവർ അവസാന നാളുകളിലും കലാലോകത്ത് സജീവമായിരുന്നു.

എട്ട് ദശാബ്ദത്തോളം നീണ്ട കരിയറിനിടെയിൽ ചിത്രരചന, ശിൽപ്പകല, ഇൻസ്റ്റലേഷൻ ആർട്ട്, ഫാഷൻ, സാഹിത്യം തുടങ്ങി എല്ലാ കലാ മേഖലകളിലും മുദ്രപതിപ്പിച്ചു. വർണാഭമായ പോൾക്ക ഡോട്ട് പാറ്റേണുകൾ തന്റെ കലാ സൃഷ്ടികളിൽ അവർ ഉപയോഗിച്ചത് ലോകശ്രദ്ധനേടി. 'പോൾക്ക ഡോട്ട് ക്വീൻ' എന്നും അറിയപ്പെട്ടു. അവരുടെ വസ്ത്രങ്ങളിൽ പോലും പോൾക്ക ഡോട്ടുകൾ കാണാമായിരുന്നു.

കണ്ണാടികളും പ്രകാശങ്ങളും നിറങ്ങളും പോൾക്കാ ഡോട്ട് ഡിസൈനുകളും ഉപയോഗിച്ച് ' ഇൻഫിനിറ്റി മിറർ റൂം' എന്ന പേരിൽ കുസാമ ഒരുക്കിയ ത്രിമാന ഇൻസ്റ്റലേഷനുകൾ ലോകശ്രദ്ധ നേടി. പരിധിയില്ലാതെ അനന്തമായി തോന്നുന്ന അനുഭവമാണ് ഇൻഫിനിറ്റി മിറർ റൂമുകൾ കാഴ്ചക്കാരിലുണ്ടാക്കുന്നത്.

പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് കണ്ണികളെ കോർത്തിണക്കിയ 'ഇൻഫിനിറ്റി നെറ്റ്സ് ' പരമ്പരയിലെ വലിയ മോണോക്രോം പെയിന്റിംഗുകളും കുസാമയെ വ്യത്യസ്തയാക്കി. കറുത്ത പോൾക്ക ഡോട്ട് പാറ്റേണോട് കൂടിയ തിളങ്ങുന്ന നിറത്തിലെ മത്തങ്ങ ശില്പങ്ങളിലൂടെയും കുസാമ ആരാധകരെ വിസ്മയിപ്പിച്ചു.

1929ൽ മറ്റ്‌സുമോട്ടോയിൽ ജനിച്ച കുസാമ കുട്ടിക്കാലത്ത് അനുഭവിച്ച ഒറ്റപ്പെടലുകളെയും മാനസിക സംഘർഷങ്ങളെയുമാണ് തന്റെ കലാസൃഷ്ടികളിലൂടെ തുറന്നുകാട്ടിയത്. കുട്ടിക്കാലം മുതൽ ഇഷ്ടപ്പെടുന്ന മിന്നുന്ന പ്രകാശം, കുത്തുകൾ, പൂക്കൾ എന്നിവയായിരുന്നു കുസാമയുടെ പ്രചോദനം. ലൂയി വീറ്റൺ അടക്കം ഫാഷൻ ബ്രാൻഡുകളുമായും കുസാമ സഹകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360